2023 നവംബർ അഞ്ചിനാണ് ദുരിതാശ്വാസ കാംപെയ്ന് തുടക്കമിട്ടത്
To advertise here,
അബുദാബി : ഗാസയിലെ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് കൈത്താങ്ങായി യു.എ.ഇ. ആരംഭിച്ച ഷിവൽറസ് നൈറ്റ് ത്രീ (ഗാലന്റ് നൈറ്റ് ത്രീ) എന്ന ജീവകാരുണ്യ ദൗത്യം 1,000 ദിവസങ്ങൾ പൂർത്തിയാക്കി. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് 2023 നവംബർ അഞ്ചിന് ഈ ചരിത്രപരമായ ദുരിതാശ്വാസ കാംപെയ്ന് തുടക്കമിട്ടത്.
യുദ്ധക്കെടുതിയിൽ വലയുന്ന ഗാസയിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഭക്ഷണവും മരുന്നും കുടിവെള്ളവും എത്തിക്കുന്നതിനായി കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ തുടർച്ചയായി 1,000 ദിവസങ്ങളായി യു.എ.ഇ. സഹായം എത്തിച്ചുകൊണ്ടിരിക്കുന്നു. ഗാസയിലേക്ക് ആഗോളതലത്തിൽ എത്തിയ ആകെ അന്താരാഷ്ട്ര സഹായത്തിന്റെ 46 ശതമാനവും യു.എ.ഇ. ഒറ്റയ്ക്കാണ് നൽകിയത്. ഇതുവരെയുള്ള മൊത്തം സഹായം 3.12 ബില്യൺ ഡോളർ കവിയുന്നു. 1,25,000 ടണ്ണിലധികം ഭക്ഷണ സാധനങ്ങളും മെഡിക്കൽ സാമഗ്രികളും അഭയകേന്ദ്രങ്ങളിലേക്കുള്ള വസ്തുക്കളും ഇതിൽ ഉൾപ്പെടും.
കേവലം ഭക്ഷണ വിതരണത്തിനപ്പുറം ഫീൽഡ് ആശുപത്രികൾ, ബേക്കറികൾ, ജലശുദ്ധീകരണ പ്ലാന്റുകൾ, കുടിവെള്ള പൈപ്പ്ലൈനുകൾ എന്നിവ നിർമിച്ചും വിദ്യാഭ്യാസം പുനരുജ്ജീവിപ്പിച്ചും സമഗ്രമായ ഒരു പുനരധിവാസ മാതൃകയാണ് യു.എ.ഇ. ഗാസയിൽ നടപ്പാക്കിയത്. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കപ്പുറം മനുഷ്യത്വത്തിന് മുൻഗണന നൽകിക്കൊണ്ട്, കടുത്ത പ്രതിസന്ധികൾക്കിടയിലും ഗാസയിലെ സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനും അവരുടെ അന്തസ്സ് സംരക്ഷിക്കാനുമുള്ള യു.എ.ഇ.യുടെ ചരിത്രപരമായ പ്രതിജ്ഞാബദ്ധതയാണ് കാംപെയ്നിലൂടെ വ്യക്തമാകുന്നത്.
Published: 02 Aug 2026, 01:36 am IST
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


