എഥനോൾ നയം; ഇന്ത്യയിൽ ചോളത്തിനും കോഴിമുട്ടയ്ക്കും വില കുതിച്ചുയരുന്നു | Ethanol Policy Triggers Surge in Maize and Egg Prices in India


കേന്ദ്രസർക്കാരിന്റെ എഥനോൾ നയം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് വഴിവെക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ കോഴിമുട്ടയുടെയും ഇറച്ചിയുടെയും വില ഇനിയും കുതിച്ചുയരും.

Egg
പ്രതീകാത്മക ചിത്രം | Photo: Canva

ഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത് കോഴിമുട്ട വില വർധിക്കാൻ കാരണമാകുന്നു. ഒരു വർഷത്തിനിടെ മുട്ടവിലയിൽ 40 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയത്. കോഴിത്തീറ്റയിലെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിപണിയിൽ തിരിച്ചടിയായത്. ആവശ്യത്തിൽക്കൂടുതൽ ഉത്പാദിപ്പിച്ചിരുന്നതിനാൽ ഇന്ത്യ നേരത്തേ ചോളം കയറ്റുമതി ചെയ്തിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ ചോളം ഇറക്കുമതി ചെയ്യേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

To advertise here,

ഉയരുന്ന മുട്ടവില

നാഷണൽ എഗ്ഗ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (എൻ.ഇ.സി.സി.) കണക്കുകൾ പ്രകാരം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മുട്ടവിലയിൽ 35 മുതൽ 40 ശതമാനം വരെ വർധനയുണ്ടായി. തണുപ്പുകാലം അടുക്കുന്നതോടെ ആവശ്യക്കാരുടെ എണ്ണം കൂടുമെന്നതിനാൽ വില ഇനിയും ഉയർന്നേക്കും.

ചോളത്തിന്റെ

ആകെ ഉത്പാദനം

43.4

ദശലക്ഷം

ടൺ

എഥനോൾ ഉത്പാദനത്തിന്

നിലവിൽ ഉപയോഗിക്കുന്നത്

17 ദശലക്ഷം ടൺ

(ഏകദേശം 37%)

2030-ഓടെ

പ്രതീക്ഷിക്കുന്ന

ഉപയോഗം

25 ദശലക്ഷം

ടൺ

കോഴി വളർത്തൽ

മേഖലയിലെ

ചോളത്തിന്റെ വിഹിതം

ആകെ

വിതരണത്തിന്റെ

60%

കോഴി വളർത്തൽ

ഉത്പാദനച്ചെലവിൽ

ചോളത്തിന്റെ പങ്ക്

65-70%

കർഷകർക്ക് സാമ്പത്തികബാധ്യത

മൂന്നുവർഷം മുൻപ് ടണ്ണിന് 14,000 രൂപയുണ്ടായിരുന്ന ചോളത്തിന് ഇപ്പോൾ 26,500 രൂപയായി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ മാത്രം 20 ശതമാനത്തിന്റെ വർധനയാണുണ്ടായത്. കോഴിവളർത്തൽ മേഖലയിലെ മൊത്തം ഉത്പാദനച്ചെലവിന്റെ 65-70 ശതമാനവും തീറ്റയ്ക്കാണ് ചെലവാകുന്നത്. അതിനാൽ തീറ്റവിലയിലുണ്ടാകുന്ന നേരിയ വർധനപോലും മുട്ടയുടെയും കോഴിയിറച്ചിയുടെയും വിലയെ നേരിട്ട് ബാധിക്കും. ചോളത്തിന്റെ ലഭ്യതക്കുറവിനു പുറമേ കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനവും സോയാബീൻ അടക്കമുള്ള മറ്റ് ചേരുവകളുടെ വിലവർധനയും ഉത്പാദനച്ചെലവിനെ സ്വാധീനിക്കുന്നുണ്ട്.

ഇറക്കുമതി കൂടും

ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യ മുൻപ് വൻതോതിൽ ചോളം കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ആഭ്യന്തര ആവശ്യകത ഉയർന്നതോടെ കയറ്റുമതി നിലച്ചു. 2024-25 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ ചോളം ഇറക്കുമതി 10 ലക്ഷം ടണ്ണെന്ന ഉയർന്ന നിലയിലെത്തി. മ്യാൻമർ, യുക്രൈൻ എന്നിവിടങ്ങളിൽനിന്ന് ജനിതകമാറ്റം വരുത്താത്ത (നോൺ ജി.എം.ഒ.) ചോളമാണ് ഇന്ത്യ നിലവിൽ വാങ്ങുന്നത്. അഞ്ചുലക്ഷം ടൺ ചോളമാണ് ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്.

കേന്ദ്രസർക്കാരിന്റെ എഥനോൾ നയം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് വഴിവെക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഭ്യന്തര ഉത്പാദനം വർധിപ്പിച്ചില്ലെങ്കിൽ വരുംദിവസങ്ങളിൽ കോഴിമുട്ടയുടെയും ഇറച്ചിയുടെയും വില ഇനിയും കുതിച്ചുയരും.

Content Highlights: Egg prices in India have surged by 35 to 40 percent over the past year., Increased diversion of maize for ethanol production caused a severe shortage in poultry feed., Maize prices doubled from 14,000 rupees to 26,500 rupees per ton over three years., India has shifted from exporting maize to importing up to 1 million tons to meet domestic demand., Experts warn that government ethanol policies are driving up food and poultry prices.

Published: 27 Aug 2026, 10:29 am IST

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Source link

Scroll to Top