കോട്ടയം ∙ ചന്തക്കവലയിൽ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി യുവതി മരിച്ച ബസപകടത്തിന്റെ കാരണം അമിതവേഗമാണെന്ന നിഗമനത്തിലാണ് പൊലീസ്. ഡ്രൈവറെയും കണ്ടക്ടറെയും ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയെന്ന് വെസ്റ്റ് പൊലീസ് അറിയിച്ചു. ബ്രേക്ക് ലഭിച്ചില്ലെന്നാണ് ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. വാഹനം അപകടസ്ഥലത്തുനിന്നു മാറ്റിയപ്പോൾ ബ്രേക്കിന് തകരാറൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.


Also Read

അപകടത്തിൽ നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് (18) മരിച്ചത്. അപകടത്തിൽ അഞ്ജലിയുൾപ്പെടെ 5 സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഒരാളുടെ വാരിയെല്ലിന് ഒടിവുണ്ട്. മറ്റൊരാളുടെ ഇടതുകാലിനും കഴുത്തിനും ഒടിവുണ്ട്. പരുക്കേറ്റ ഇത്തിത്താനം സുഭാഷ്ഭവനിൽ ശ്രീകുമാരി (54) മെഡിക്കൽ കോളജ് ആശുപത്രിയിലും മറിയപ്പള്ളി മുട്ടം ഉള്ളാട്ട് ജയ (51) കാരിത്താസ് ആശുപത്രിയിലും കൊല്ലാട് കലേഷ്ഭവനിൽ അനുമോൾ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി എ.കെ.സുനി (46) എന്നിവർ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. അപകടത്തിൽ പരുക്കേറ്റ അനുമോൾ സുരേഷ് ചന്തക്കവലയ്ക്കു സമീപത്തെ ഗോൾഡ് കവറിങ് സ്ഥാപനത്തിലെ ജീവനക്കാരിയാണ്. എ.കെ.സുനി ചന്തക്കവലയിലെ സ്വകാര്യ ഹോൾസെയിൽ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. ശ്രീകുമാരി ഏറ്റുമാനൂർ കുടുംബ കോടതിയിലെ ജീവനക്കാരിയാണ്. ജയ ചന്തക്കവലയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ്. 

കരുതിയത് മിന്നലേറ്റെന്ന്
കോട്ടയം ∙ മിന്നലേറ്റെന്നാണ് ആദ്യം കരുതിയതെന്ന് അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിന് കുതിച്ചെത്തിയവർ പറഞ്ഞു. സ്ത്രീകളുടെ നിലവിളി കേട്ടാണ് വ്യാപാര സ്ഥപനങ്ങളിലുണ്ടായിരുന്നവർ പുറത്തേക്ക് എത്തിയത്. സമീപത്തെ കടകളിൽ ജോലി ചെയ്യുന്നവർ വൈകിട്ട് ഇവിടെനിന്നാണ് ബസ് കയറി തിരുനക്കര സ്റ്റാൻഡിലേക്കും നാഗമ്പടം സ്റ്റാൻഡിലേക്കും പോകുന്നത്. വിദ്യാർഥികളും ഇവിടെ കൂട്ടമായി നിൽക്കുന്നത് പതിവാണ്. മഴ കാരണം പലരും സമീപത്തെ കടകളോടുചേർന്നാണ് നിന്നത്. ഇതും വലിയ ദുരന്തം ഒഴിവാക്കിയെന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്നു.

സ്‌റ്റോപ്പ് ഇല്ലാതെ അനാസ്ഥ; അപകടത്തിന് ഡബിൾ ബെൽ​
കോട്ടയം ∙ നഗരത്തിലെ ബസ് സ്റ്റോപ്പുകളിലെ അവഗണന പലതവണ ചൂണ്ടിക്കാട്ടിയിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. അടുത്തയിടെ ഉണ്ടായ അപകടങ്ങളിൽ ഭൂരിഭാഗത്തിന്റെയും പ്രതിസ്‌ഥാനത്തു സ്വകാര്യ ബസുകൾ ആണ്. അമിത വേഗത്തിനു പൂട്ടിടാനും അധികൃതർ മെനക്കെടുന്നില്ല. ഇന്നലെ അപകടം നടന്ന ചന്തക്കവല ബസ് സ്റ്റോപ്പിലെ അപാകതകളെക്കുറിച്ച് മുൻപും പരാതി ഉണ്ടായിട്ടുണ്ട്. കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ വെയിലും മഴയുമേറ്റ് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ് ഇവിടെ.

ഫുട്പാത്തിൽ പഴം– പച്ചക്കറി കച്ചവടം നടത്തുന്ന അതിഥിത്തൊഴിലാളികൾ ടിവിയിൽ ക്രിക്കറ്റ് കളി കാണുന്നതിന് ഇന്നലെ കട നേരത്തേ അടച്ചതിനാൽ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. ഇവർ കച്ചവടം നടത്തിയിരുന്ന സ്ഥലത്തേക്കാണു ബസ് പാഞ്ഞുകയറിയത്. ഇവരിൽനിന്നു പച്ചക്കറി വാങ്ങുന്നതിനു യാത്രക്കാർ എത്താറുണ്ട്. ഇവരെയും ഇന്നലെ ഭാഗ്യം തുണച്ചു. അപകടം കണ്ടവരുടെ വിവരണത്തിൽനിന്ന് ആദ്യം നഗരത്തിലാകെ പരന്നത് ‘വലിയ ദുരന്ത വാർത്തയാണ്’. അങ്ങനെ സംഭവിക്കരുതേയെന്ന പ്രാർഥനയോടെ സംഭവസ്ഥലത്തേക്കും ജനറൽ ആശുപത്രിയിലേക്കും ഓടിയെത്തിവർ ഏറെയാണ്. ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും പൂർണസജ്ജീകരണങ്ങളോടെ തയാറായി നിന്നു. അടിയന്തര ചികിത്സ നൽകി.

കോട്ടയം ചന്തക്കവലയിൽ നിയന്ത്രണംവിട്ട് ബസ് ഇടിച്ചുകയറിയ സ്ഥലം. യാത്രക്കാരുടെ സാധനങ്ങളും കാണാം. (ചിത്രം: മനോരമ)

കോട്ടയം ചന്തക്കവലയിൽ നിയന്ത്രണംവിട്ട് ബസ് ഇടിച്ചുകയറിയ സ്ഥലം. യാത്രക്കാരുടെ സാധനങ്ങളും കാണാം. (ചിത്രം: മനോരമ)

ആംബുലൻസുകളും ക്രമീകരിച്ചിരുന്നു. ഉടൻ പൊലീസും എത്തി. കഞ്ഞിക്കുഴി, നാഗമ്പടം എന്നിവിടങ്ങളിൽ നിന്നുളള ബസുകളുടെ അമിത വേഗത്തിനു ആദ്യം ഇരയാകുന്നത് ജനറൽ ആശുപത്രിയിലെയും ചന്തക്കവലയിലെയും ബസ് സ്റ്റോപ്പുകളിൽ നിൽക്കുന്നവരാണ്. കാരണം ബസേലിയോസ് കോളജിനു സമീപത്തെ ട്രാഫിക് സിഗ്നൽ കടന്ന് ബസുകൾ ടൗണിലേക്ക് അമിതവേഗത്തിലാണ് എത്തുന്നത്. പലപ്പോഴും ജനറൽ ആശുപത്രിയുടെ സ്റ്റോപ്പിൽ നിർത്തിയാലായി. ഇവിടെ സ്കൂളിലേക്കും കോളജിലേക്കും ആശുപത്രിയിലേക്കും ഉള്ളവർ റോഡ് കടക്കാൻ പാടുപെടുന്നുണ്ട്. സീബ്രവരയിൽ മുൻപ് പിങ്ക് പൊലീസ് ഉൾപ്പെടെയുള്ളവർ യാത്രക്കാരെ സഹായിക്കാൻ ഉണ്ടായിരുന്നു. ഏറെനാളായി ഇവരുടെ സേവനം ലഭിക്കാറില്ലെന്നു പരാതിയുണ്ട്.

കെകെ റോഡിൽകഞ്ഞിക്കുഴി മുതൽ സെൻട്രൽ ജംക്‌ഷൻ വരെ വേഗ നിയന്ത്രണത്തിന് ഒരു സംവിധാനവുമില്ല. ജനറൽ ആശുപത്രിക്കു സമീപമെങ്കിലും വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനു ഹംപ് സ്ഥാപിക്കണമെന്ന ആവശ്യത്തിനും പഴക്കമേറെ.

English Summary:

Kottayam bus accident at Chandakavala left five people injured due to suspected overspeeding by a private bus, according to police reports. Witnesses initially thought it was a lightning strike before realizing the severity of the vehicle crash into the footpath.