റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഒരിക്കൽ ഇന്ത്യയ്ക്കുമാത്രം പിഴച്ചുങ്കം ചുമത്തുകയും ഇപ്പോൾ 100% തീരുവ കൂടി ചുമത്തുമെന്ന് വിരട്ടാൻ നോക്കുകയും ചെയ്യുന്ന അതേ യുഎസ്, ഇതേ റഷ്യയുമായി ചേർന്ന് യൂറോപ്പുമായി കച്ചവടത്തിന് ഒരുങ്ങുന്നു. റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുക്രെയ്നെതിരായ പുട്ടിന്റെ യുദ്ധത്തിന് റഷ്യൻ എണ്ണ വൻതോതിൽ വാങ്ങി സാമ്പത്തിക പിന്തുണ നൽകുന്നത് ഇന്ത്യയാണെന്നും റഷ്യയ്ക്ക് ഇന്ത്യയിൽ നിന്ന് കിട്ടുന്നത് ‘ചോരപ്പണം’ ആണെന്നും യുഎസ് പ്രസിഡന്റ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ ഉൾപ്പെടെ വിമർശിച്ചിരുന്നു.

റഷ്യൻ എണ്ണയ്ക്കും മറ്റും യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധവുമുണ്ട്. എന്നാൽ, ഇപ്പോൾ റഷ്യയും യുഎസും ചേർന്ന് യൂറോപ്പിന് ഗ്യാസ് വിൽക്കാൻ പദ്ധതിയിടുന്നുവെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. ട്രംപിന്റെ മരുമകനും യുദ്ധ നയതന്ത്ര ചർച്ചകളിൽ യുഎസിന്റെ പ്രത്യേക പ്രതിനിധിയുമായ ജേർഡ് കുഷ്നറും പുട്ടിന്റെ ഉപദേശകനും റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഡയറക്ടറുമായ കിറിൽ ദിമിത്രേവും തമ്മിൽ മോസ്കോയിലും ന്യൂയോർക്കിലുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടിലുണ്ട്.

റഷ്യയിൽ നിന്ന് ജർമനിവരെ നീളുന്ന വാതക പൈപ്പ്‍ലൈനായ നോർഡ് സ്ട്രീം പുനരുജ്ജീവിപ്പിച്ച് വാതക വിതരണം പുനരാരംഭിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. അതേസമയം, റഷ്യയുടെയും യുഎസിന്റെയും നീക്കത്തിന് യൂറോപ്പിൽ നിന്നുതന്നെ എതിർപ്പുണ്ടാകുമെന്ന സൂചനയുമുണ്ട്. ഒന്ന് നോർഡ് സ്ട്രീം, നോർഡ് സ്ട്രീം പൈപ്പ്‍ലൈനുകൾക്ക് യൂറോപ്യൻ യൂണിയന്റെ ഉപരോധമുണ്ടെന്നാണ്. രണ്ട്, യുക്രെയ്ൻ-റഷ്യ യുദ്ധം ആരംഭിച്ച 2022 മുതൽ പൈപ്പ്‍ലൈനിന്റെ ലൈസൻസ് ജർമനി പുതുക്കിയിട്ടില്ല. പുതുക്കാനുദ്ദേശിക്കുന്നില്ലെന്നും ജർമനി വ്യക്തമാക്കിയിട്ടുണ്ട്.

മറ്റൊന്ന്, യുദ്ധത്തിനിടെ പൈപ്പ്‍ലൈനിന് തകരാർ സംഭവിച്ചിട്ടുണ്ട്. ഉപരോധം തുടരുന്നതിനാൽ റഷ്യയിലെ നോർഡ് സ്ട്രീം-1ന്റെ അറ്റകുറ്റപ്പണി റഷ്യ നിർത്തിവച്ചിരിക്കുകയുമാണ്. 2010ലാണ് നോർഡ് സ്ട്രീം പൈപ്പ്‍ലൈനുകൾ യാഥാർഥ്യമായത്. 1100 കോടി ഡോളറായിരുന്നു ചെലവ്. അതേസമയം, റോയിട്ടേഴ്സിന്റെ റിപ്പോർട്ട് വൈറ്റ്ഹൗസ് നിഷേധിച്ചുവെന്ന് അറിയുന്നു. നോർഡ് സ്ട്രീം സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും യുഎസിലെ നികുതിദായകർക്കും യുഎസ് കമ്പനികളും ഗുണകരമല്ലാത്ത ഒരു പദ്ധതിയും ആലോചിക്കുന്നില്ലെന്നും വൈറ്റ്ഹൗസ് പ്രതികരിച്ചെന്നാണ് റിപ്പോർട്ട്.

English Summary:

After threatening India over Russian oil, Washington is secretly plotting a US Russia Nord Stream gas deal with Moscow for Europe. Will Germany block this shocking double standard?