ഗൗതം ഗംഭീറും സൂര്യകുമാർ യാദവും ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി. ചിത്രം: Facebook/ndianCricketTeam
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥാനം നഷ്ടമായതിൽ ആദ്യമായി പ്രതികരിച്ച് മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെയാണ്, ബാറ്റിങ്ങിൽ ഫോം നഷ്ടമായ സൂര്യകുമാർ യാദവിനെ ബിസിസിഐ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയത്. ലോകകപ്പിനു പിന്നാലെ ഇംഗ്ലണ്ട്, അയർലന്‍ഡ് ട്വന്റി20 പര്യടനങ്ങളിൽ ശ്രേയസ് അയ്യരെയായിരുന്നു ബിസിസിഐ ക്യാപ്റ്റനായി നിയമിച്ചത്. തന്നെ ടീമിൽനിന്നു ഒഴിവാക്കിയതു കണ്ട് ചിരിയാണ് ആദ്യം മുഖത്തു വന്നതെന്ന് സൂര്യകുമാർ യാദവ് പ്രതികരിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ നീണ്ട കരിയർ ഉണ്ടാകുമെന്ന് ആഗ്രഹിച്ചിരുന്നതായും മുൻ ഇന്ത്യന്‍ താരം ആകാശ് ചോപ്രയ്ക്കു നൽകിയ അഭിമുഖത്തിൽ സൂര്യകുമാർ യാദവ് വ്യക്തമാക്കി.
‘‘എന്റെ പേര് അതിൽ ഇല്ലായിരുന്നു. എനിക്ക് അപ്പോൾ ചിരിയാണു വന്നത്. കാരണം ഇന്ത്യൻ ടീമിനൊപ്പം ഒന്നോ, രണ്ടോ വർഷങ്ങൾ കളിച്ചപ്പോൾ സമ്മർദഘട്ടങ്ങളിലും കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ചപോലെ നടക്കാത്തപ്പോഴുമെല്ലാം ഞാൻ ചിരിച്ചുകൊണ്ടാണു നേരിട്ടത്. എനിക്കു ലഭിച്ച അവസരങ്ങളിൽ തീർച്ചയായും നന്ദിയുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചിട്ടില്ല. 2026ന് ശേഷം രണ്ടു വർഷം കൂടി ട്വന്റി20 ടീമിനെ നയിക്കാൻ സാധിക്കുമെന്നാണു ഞാൻ കരുതിയത്.’’
‘‘ഒളിംപിക്സ് വരുന്നുണ്ട്. അതിനു ശേഷം ട്വന്റി20 ലോകകപ്പ് വരുന്നുണ്ട്. നിങ്ങൾ ചിന്തിക്കുന്നതും മറ്റൊരാൾ ചിന്തിക്കുന്നതും ഒരുപക്ഷേ രണ്ടു വ്യത്യസ്ത കാര്യങ്ങളായിരിക്കാം. മുന്നോട്ടുപോകുന്നതാണു നല്ലതെന്ന് അവർക്കു തോന്നുന്നതു കൊണ്ടാണ് അവർ അതു തീരുമാനിച്ചത്. പക്ഷേ ഞാൻ പ്രതികരിക്കാൻ നിന്നിട്ടില്ല. കാരണം ഇതാണ് അവരുടെ തീരുമാനം. മറ്റാരുടെയെങ്കിലും കീഴിൽ ടീം മികച്ച പ്രകടനം നടത്തുമെന്നാണ് അവർ കരുതുന്നതെങ്കിൽ എനിക്ക് അതിൽ ഒരു കുഴപ്പവുമില്ല.’’
‘‘ഞാൻ ശ്രേയസിനൊപ്പം ഒരുപാട് കളിച്ചിട്ടുള്ളതാണ്. അദ്ദേഹം മികച്ച താരവും ക്യാപ്റ്റനുമാണ്. അതുകൊണ്ടു തന്നെ എന്തിനാണ് അദ്ദേഹത്തെ ക്യാപ്റ്റനാക്കിയതെന്ന് എനിക്കു തോന്നിയിട്ടില്ല. എന്നാൽ ഇന്ത്യന്‍ ടീം കഴഞ്ഞ രണ്ടു വർഷത്തിനിടെ ഒരു പരമ്പര പോലും തോറ്റിട്ടില്ല. എന്നിട്ടും ഇതു ചെയ്തതിൽ എനിക്കു നിരാശയുണ്ടായിരുന്നു. നമ്മൾ ലോകകപ്പും ഏഷ്യാകപ്പും ജയിച്ച് ഇരിക്കുകയാണ്. മുന്നോട്ട് കാര്യങ്ങൾ ചെയ്യാൻ ആലോചിക്കുകയാണ്. അപ്പോഴാണ് ഇതു സംഭവിക്കുന്നത്. ഈ മാറ്റത്തിന് എന്താണു കാരണം? അത് എന്റെ മനസ്സിലൂടെ പോയ്ക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നര മാസമായി ഞാൻ വീട്ടിലിരിക്കുകയാണ്.’’
‘‘ഐപിഎലിൽ ഉദ്ദേശിച്ചപോലെ കളിക്കാൻ എനിക്കു സാധിച്ചിട്ടില്ല. അതു ശരിയാണ്. എന്നാലും ലോകകപ്പ് ജയിച്ചതിനു പിന്നാലെ എങ്ങനെയാണ് ഇതു സംഭവിക്കുന്നത്. എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട്ടിലേക്കു വരുന്നുണ്ട്. ഇതും ജീവിതത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് ആശ്വസിപ്പിക്കുന്നുണ്ട്. പക്ഷേ അവർ പോയിക്കഴിഞ്ഞാൽ വീട്ടിൽ ഞങ്ങൾ ഒറ്റയ്ക്കാണ്. ടീം പ്രഖ്യാപനത്തിന് മൂന്നു ദിവസങ്ങൾക്കു മുൻപ് സിലക്ടർമാർ എന്നെ വിളിച്ചിരുന്നു. മുന്നോട്ടു പോകേണ്ട സമയമാണ് ഇതെന്ന് എന്നോടു പറഞ്ഞു. ഞാൻ പ്രതികരിച്ചില്ല. കാരണം ഇവിടെ എന്റെ ഭാഗത്തുനിന്നു പിഴവുകളൊന്നുമുണ്ടായിട്ടില്ല. ടീമിന്റെ നല്ലതിനു വേണ്ടിയിട്ടായിരിക്കണം ആ തീരുമാനമെടുത്തത്. എന്നെ എപ്പോൾ വിളിച്ചാലും ഞാൻ കളിക്കാൻ തയാറാണ്.’’- സൂര്യകുമാർ യാദവ് വ്യക്തമാക്കി.
English Summary:
Suryakumar Yadav Ends Long Silence On T20I Sacking
2c296r4gh35phdf2rmrasdj62l-list 30ncoqigpnagtnnj9k2nur26qe-list mo-sports-cricket-indiancricketteam mo-news-national-organisations0-bcci 2tcgrqj8bun67v40f35hb70k5k mo-sports-cricket-suryakumar-yadav



