നടൻ ദിലീപും മഞ്ജു വാര്യരും വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരേ ചടങ്ങിൽ ഒരുമിച്ച് പങ്കെടുത്തത് കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്. കാക്കനാട് പുതുതായി പ്രവർത്തനം ആരംഭിച്ച മാജിക് ഫ്രെയിംസിന്റെ മൾട്ടിപ്ലെക്സ് തിയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും എത്തിയത്. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തിയ ചിത്രങ്ങളും വിഡിയോകളും നിമിഷനേരം കൊണ്ടാണ് ഓൺലൈനിൽ തരംഗമായത്. എന്നാൽ ചടങ്ങിൽ വെച്ച് മഞ്ജു വാര്യർ പുഞ്ചിരിയോടെ ദിലീപിന് കൈ കൊടുക്കുന്നതും, ദിലീപ് തിരിച്ച് ഹസ്തദാനം നൽകുന്നതുമാണ് പ്രചരിക്കുന്ന പുതിയ വിഡിയോ ചർച്ചയായിരിക്കുകയാണ്. ‘എഐ നിർമ്മിതമല്ല, ഇത് ഒറിജിനൽ തന്നെയാണ്’ എന്ന അടിക്കുറിപ്പോടെ എത്തിയ വിഡിയോ ആരാധകർക്കിടയിൽ വൻ ആവേശവും സംശയങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.

നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ഇരുവരും പരസ്പരം സംസാരിക്കാനോ മുഖത്തുനോക്കാനോ മുതിർന്നിരുന്നില്ല. തിയറ്ററിനുള്ളിലെ ഒരേ നിരയിലെ സീറ്റുകളിലാണ് ഇരുവർക്കും ഇരിപ്പിടം ഒരുക്കിയിരുന്നതെങ്കിലും അകലം പാലിച്ചാണ് ഇരുന്നിരുന്നത്. മറ്റ് താരങ്ങളോട് സൗഹൃദം പങ്കുവെച്ച മഞ്ജു ദിലീപിനെ ശ്രദ്ധിച്ചില്ലെന്നും വാദങ്ങളുണ്ടായിരുന്നു.

എന്നാൽ ഈ അവകാശവാദങ്ങളെ തിരുത്തിക്കുറിച്ചാണ് മഞ്ജു ദിലീപിന് ഷേക്ക് ഹാൻഡ് നൽകുന്ന രംഗങ്ങൾ പുറത്തുവന്നത്. “കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല, ഇത് സത്യമാണോ?”, “ഏറെ നാളുകൾക്ക് ശേഷം കണ്ട മനോഹര നിമിഷം” എന്നിങ്ങനെ സന്തോഷം പങ്കുവെക്കുന്ന കമന്റുകൾ ഒരു വിഭാഗം ആരാധകർ കുറിക്കുമ്പോൾ, ഇത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വിഡിയോ ആണോ എന്ന് സംശയം ഉന്നയിക്കുന്നവരും നിരവധിയാണ്.


What you should read next

വിവാഹമോചനത്തിന് ശേഷം പൊതുവേദികളിൽ ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കിയിരുന്ന ഇരുവരും മാജിക് ഫ്രെയിംസിന്റെ അൻപതാമത് സ്ക്രീൻ ഉദ്ഘാടന ചടങ്ങിലാണ് ഒന്നിച്ചെത്തിയത്. മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി സിനിമാരംഗത്തെ പ്രമുഖരുടെ നിര തന്നെ പങ്കെടുത്തു.

യഥാർത്ഥത്തിൽ ഇത്തരമൊരു സൗഹൃദപരമായ ഇടപെടൽ നടന്നതാണോ അതോ സോഷ്യൽ മീഡിയയിലെ ക്ലിക്ക് ബൈറ്റുകൾക്കായി എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോയാണോ ഇതെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ദിലീപ്-മഞ്ജു വാര്യർ ആരാധകർക്കിടയിൽ ഈ വിഡിയോ തരംഗമായി തുടരുകയാണ്.

English Summary:

Dileep and Manju Warrier’s recent appearance together at the inauguration of Magic Frames’ multiplex has gone viral on social media, sparking discussions among fans. A video of them shaking hands, with the caption ‘Not AI generated, this is original,’ has further fueled excitement and debate about their interaction.