തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിൽ മിന്നും പ്രകടനത്തിനൊരുങ്ങി ജെൻ സീ താരങ്ങൾ. അണ്ടർ 19 ഇന്ത്യൻ ടീമിൽ കളിച്ച മലയാളി താരങ്ങളായ മുഹമ്മദ് ഇനാനും മാനവ് കൃഷ്ണയുമടക്കം 5 കൗമാര താരങ്ങളാണ് ഇത്തവണ കെസിഎലിലെ ‘നോട്ടപ്പുള്ളികൾ’. ഇതിൽ നാലുപേരും ഇറങ്ങുക തൃശൂർ ടൈറ്റൻസിനു വേണ്ടിയാണ്. 

മാനവ് കൃഷ്ണ, മുഹമ്മദ് ഇനാൻ, കെ.ആ‍ർ.രോഹിത്, അമയ് മനോജ് എന്നിവരാണ് ടൈറ്റൻസ് നിരയിലെ കൗമാരക്കാർ. മറ്റൊരു കൗമാരതാരം ജോബിൻ ജോബി കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടിയാണ് മൂന്നാംവട്ടവും കളത്തിലിറങ്ങുന്നത്. 20 മുതലാണ് ടൂർണമെന്റ്.

കഴിഞ്ഞ സീസണിലും തൃശൂരിനു വേണ്ടി കളിച്ച പതിനെട്ടുകാരൻ കെ.ആർ.രോഹിത്താണ് സീസണിലെ പ്രായം കുറഞ്ഞ താരം. 16–ാം വയസ്സിൽ കേരള അണ്ടർ 19 ടീമിൽ അരങ്ങേറ്റം കുറിച്ച രോഹിത് തൃപ്പൂണിത്തുറ സ്വദേശിയാണ്. മറ്റു 4 താരങ്ങളും 19 വയസ്സുകാരാണ്.

കഴിഞ്ഞ സീസണിൽ കേരളത്തിന്റെ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു മാനവ് കൃഷ്ണ. പിന്നാലെ ഇന്ത്യൻ അണ്ടർ 19 ടീമിലെത്തിയ മാനവ്, ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ സെഞ്ചറി നേടി. കഴിഞ്ഞ രഞ്ജി ട്രോഫിയിലൂടെ സീനിയർ ടീമിലും ഈ വിക്കറ്റ് കീപ്പർ ബാറ്റർ അരങ്ങേറ്റം കുറിച്ചു.

അണ്ടർ 19 ലോകകപ്പിലടക്കം കളിച്ച താരമാണ് മുഹമ്മദ് ഇനാൻ. ദുബായിൽ പാക്ക് ഇതിഹാസ സ്പിന്നർ സഖ്‌ലൈൻ മുഷ്താഖിന് കീഴിൽ പരിശീലിച്ചിട്ടുള്ള ഇനാൻ, പിന്നീടാണ് നാട്ടിലെത്തിയത്. ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ ഇന്ത്യൻ അണ്ടർ 19 ടീമിനായി കളിച്ചിട്ടുണ്ട്.

കഴിഞ്ഞ അണ്ടർ 19 സീസണിൽ പഞ്ചാബിനെതിരായ സെഞ്ചറിയടക്കം പല മത്സരങ്ങളിലും കേരള ടീമിന്റെ രക്ഷകനായ താരമാണ് അമയ് മനോജ്. പിന്നാലെ ബിസിസിഐയുടെ സെന്റർ ഫോർ എക്സലൻസ് അണ്ടർ 19 ക്യാംപിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ഓൾറൗണ്ടറായ ജോബിൻ ജോബി, കഴിഞ്ഞ കൂച്ച് ബിഹാർ ട്രോഫിയിൽ ഹൈദരാബാദിനെതിരെ സെഞ്ചറിയും 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു.

English Summary:

Young talents are gearing up for a strong performance in the third season of the Kerala Cricket League (KCL). This season’s ‘watch list’ includes five teenage players, including Under-19 Indian team members Mohammed Inan and Manav Krishna.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.