ന്യൂഡൽഹി∙ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച പെൺകുട്ടിയും അമ്മയും വീടുവിട്ടു. അപരിചിതരും പൊലീസും നിരന്തരം ശല്യപ്പെടുത്തിയതിനെ തുടർന്നാണ് വാടക വീട് ഇവർ ഉപേക്ഷിച്ചത്. തനിക്ക് തെറ്റുപറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ഏറ്റുപറഞ്ഞ് പെണ്‍കുട്ടി ക്ഷമാപണം നടത്തിയിരുന്നു. തനിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കുട്ടികളോട് ക്ഷമിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു. എന്നാല്‍, പലരും വീട്ടിലെത്തി ഭീഷണി തുടരുകയായിരുന്നു.


What you should read next

അപരിചിതരും പൊലീസും നിരന്തരം വീട്ടിലെത്തുന്നതിനാലാണ് നോയിഡയിലെ വാടകവീട് ഒഴിയേണ്ടിവന്നതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. മകൾ പരസ്യമായി മാപ്പ് പറഞ്ഞിട്ടും തുടർച്ചയായ ഭീഷണിയും പീഡനവും നേരിടുകയാണ്. മകൾ പത്താം ക്ലാസിലാണ് പഠിക്കുന്നത്. താൻ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ഭാവി ഇനി എന്താകുമെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. 2019ൽ ഒരു അപകടത്തിൽ ഇവരുടെ ഭർത്താവ് മരണപ്പെട്ടിരുന്നു. ഇളയ മകൻ ബന്ധുക്കളുടെ കൂടെയാണ് നിൽക്കുന്നത്. ആളുകളും പൊലീസും നിരന്തരം വീട്ടിലേക്ക് വരുമ്പോൾ എങ്ങനെ ജീവിക്കാനാകുമെന്ന് അമ്മ ചോദിക്കുന്നു.


What you should read next

കുടുംബത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് അവർ അധികൃതരോടും പൊതുജനങ്ങളോടും അഭ്യർഥിച്ചു. ജന്തർ മന്തറിലെ സിജെപി പ്രതിഷേധത്തിനിടയിലാണ് പെൺകുട്ടി പ്രധാനമന്ത്രിക്കെതിരെ പരാമർശം നടത്തിയത്. പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നവരുടെ സ്വാധീനത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നും ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്നുമാണ് പെൺകുട്ടി മാപ്പപേക്ഷിച്ചുള്ള വിഡിയോയില്‍ പറഞ്ഞിരുന്നു. അധിക്ഷേപ പരാമര്‍ശത്തില്‍ നോയിഡ പൊലീസ് പെൺകുട്ടിക്കെതിരെ കേസെടുത്തിരുന്നു. ഡല്‍ഹി പൊലീസിന് കൈമാറിയ കേസില്‍ തുടര്‍നടപടികളെടുത്തിട്ടില്ല. 

English Summary:

Young girl and her mother who were forced to leave their rented home in Noida after facing constant harassment from strangers and the police following a political remark made by the girl. Despite the girl’s public apology and Prime Minister Modi’s statement of forgiveness, the family continued to experience threats and intimidation.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.