കുറ്റിപ്പുറം ∙ ദേശീയപാതയിൽ കുറ്റിപ്പുറം റെയിൽവേ മേൽപാലത്തിനു സമീപം സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്ത അപകടസ്ഥലത്തുനിന്ന് വെറും 500 മീറ്റർ അകലെയാണ് മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ദൃശ്യങ്ങൾ പകർത്തപ്പെട്ടത്. അപകടം നടക്കുന്നതിന്റെ തലേദിവസം യാദൃച്ഛികമായി പകർത്തിയ ഈ ദൃശ്യങ്ങളാണ് അപകടത്തിന് പിന്നാലെ വീണ്ടും ചർച്ചയാകുന്നത്.


What you should read next

കോഴിക്കോട്–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് ഒരു കൈയിൽ മൊബൈൽ ഫോൺ പിടിച്ചു സംസാരിച്ചുകൊണ്ട് ദേശീയപാതയിലൂടെ വാഹനം ഓടിച്ചത്. 70 മുതൽ 90 കിലോമീറ്റർ വരെ വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ദേശീയപാതയിൽ യാത്രക്കാരുടെയും മറ്റു വാഹനയാത്രികരുടെയും ജീവൻ അപകടത്തിലാക്കുന്ന തരത്തിലായിരുന്നു ഡ്രൈവറുടെ അശ്രദ്ധ.

ദേശീയപാതയിൽ സമീപകാലത്ത് അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ ഡ്രൈവർമാരുടെ ഇത്തരം നിയമലംഘനങ്ങൾ ആശങ്ക വർധിപ്പിക്കുന്നതാണ്. നിരീക്ഷണ ക്യാമറകളും കൺട്രോൾ റൂമുകളും പ്രവർത്തനസജ്ജമായിട്ടും ഇത്തരം ഗുരുതര നിയമലംഘനങ്ങൾ തുടരുന്നു. മൊബൈൽ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

English Summary:

A tragic bus accident near Kuttippuram where a bus overturned, resulting in a death and numerous injuries. Disturbingly, footage of the bus driver talking on his mobile phone while driving has resurfaced, captured just 500 meters from the accident site, raising serious concerns about road safety.