തെലുങ്ക്-മലയാളം സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടി സ്വാതി റെഡ്ഡി വീണ്ടും വിവാഹിതയായി. തന്റെ പുതിയ ചിത്രമായ ‘മന്ത് ഓഫ് മധു’ എന്ന സിനിമയുടെ സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. തങ്ങൾ ഒന്നായ വിവരം ബുധനാഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പങ്കുവെച്ചത്. ‘ഹിച്ച്ഡ്, 08-07-2026’ എന്ന അടിക്കുറിപ്പോടെയാണ് വിവാഹചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

പരമ്പരാഗതമായ വെള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചടങ്ങുകളിൽ പങ്കെടുത്തത്. വീട്ടിൽ വെച്ച് നടന്ന അതീവ ലളിതമായ ചടങ്ങായിരുന്നു ഇതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. പൂജാവേളയിൽ ഇരുവരുടേയും പിന്നിൽ നിന്നുള്ള മറ്റൊരു ചിത്രവും സ്വാതി പങ്കുവെച്ചു.

swathi-reddy-second-wedding3

സിനിമയിലെ സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയത്. ‘മന്ത് ഓഫ് മധു’വിലെ സ്വാതിയുടെ സഹനടൻ നവീൻ ചന്ദ്ര, സംവിധായിക നന്ദിനി റെഡ്ഡി, ശ്രേയ ധന്വന്തരി, ബാഡ്മിന്റൺ താരം ജ്വാല ഗുട്ട തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

ടെലിവിഷൻ ഷോയിലൂടെ കരിയർ ആരംഭിച്ച് ‘കളേഴ്സ് സ്വാതി’ എന്ന പേരിൽ പ്രശസ്തയായ സ്വാതി, അഷ്ടാ ചമ്മാ, സ്വാമി രാ രാ, കാർത്തികേയ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. മലയാളത്തിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ആമേൻ’ എന്ന ചിത്രത്തിലെ ശോശന്ന എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി. നോർത്ത് 24 കാതം, ആട് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ശ്രീകാന്ത് നഗോതി സംവിധാനം ചെയ്ത ഭാനുമതി രാമകൃഷ്ണ, മന്ത് ഓഫ് മധു എന്നീ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2023-ൽ പുറത്തിറങ്ങിയ ‘മന്ത് ഓഫ് മധു’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സ്വാതിയും ശ്രീകാന്തും പരിചയപ്പെടുന്നത്.

swathi-reddy-second-wedding

സംവിധായകൻ ശ്രീകാന്ത് നഗോതിയും സ്വാതിയും

2018 സെപ്റ്റംബർ രണ്ടിനായിരുന്നു സ്വാതിയുടെ ആദ്യവിവാഹം. മലയാളിയായ പൈലറ്റ് വികാസ് വാസുവായിരുന്നു വരൻ. ഹൈദരാബാദിൽ വിവാഹവും കൊച്ചിയിൽ റിസപ്ഷനും നടന്നിരുന്നു. ഇരുവരും വിവാഹമോചിതരായി എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ താരം പരസ്യമായി പ്രതികരിച്ചിരുന്നില്ല. തീർത്തും സ്വകാര്യമായാണ് ഇരുവരും വിവാഹ മോചിതരായത്.

English Summary:

Swathi Reddy has remarried the director of her latest film, ‘Month of Madhu’, Srikanth Nagoti. The wedding was a private affair attended by close family and friends, with the couple announcing their union on social media.