മിയാമി ∙ അവസാന നിമിഷം വരെ ലോകചാംപ്യന്മാരായ അർജന്റീനയെ വിറപ്പിച്ച് അരങ്ങേറ്റക്കാരായ കാബോ വെർദെ ഒടുവിൽ കീഴടങ്ങി (3-2). രണ്ടു തവണ പിന്നിലായ ശേഷവും അസാമാന്യമായ പോരാട്ടവീര്യത്തോടെ തിരിച്ചടിച്ച കാബോ വെർദെ, അർജന്റീനിയൻ താരങ്ങളുടെയും ആരാധകരുടെയും നെഞ്ചിൽ തീ കോരിയിട്ടു. ഏതു നിമിഷവും വല ചലിപ്പിക്കും എന്നു തോന്നിപ്പിച്ച് അവസാന മിനിറ്റുകളിൽ അർജന്റീനിയൻ ഗോൾമുഖത്ത് കാബോ വെർദെ തുടരെ കടന്നാക്രമണം നടത്തി. ഒടുവിൽ ഡൈനേ ബോർഗെസിന്റെ സെൽഫ് ഗോളിൽ ലോകചാംപ്യന്മാർ കടന്നുകൂടുകയായിരുന്നു. അവിശ്വസനീയ പോരാട്ടവുമായി അർജന്റീനയെ മുൾമുനയിൽ നിർത്തിയ ആഫ്രിക്കൻ കരുത്ത്, ജയത്തോളം പോന്ന തോൽവിയുമായി ചരിത്രം കുറിച്ചാണ് മടങ്ങുന്നത്.


What you should read next

29 ാം മിനിറ്റിൽ ലയണൽ മെസ്സിയാണ് അർജന്റീനയെ ആദ്യം മുന്നിലെത്തിച്ചത്. 59 ാം മിനിറ്റിൽ ഡെറോയ് ഡ്യുവേർട്ട് ഗോൾ മടക്കി. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് നീണ്ടു. 92 ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസിന്റെ ഗോളിൽ അർജന്റീന മുന്നിലെത്തി. പിന്നാലെ 103 ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കാബോ വെർദെയെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാൽ 111 ാം മിനിറ്റിൽ കാബോ വെർദെ പ്രതിരോധ താരം ഡൈനേ ബോർഗെസിന്റെ സെൽഫ് ഗോളിൽ അർജന്റീന വീണ്ടും ലീഡ് പിടിക്കുകയായിരുന്നു.

29 ാം മിനിറ്റിൽ കാബോ വെർദെ പ്രതിരോധനിരയുടെ മുകളിലൂടെ ലിസാൻഡ്രോ മാർട്ടിനെസ് നൽകിയ ചിപ്പ് പാസ് മുന്നോട്ട് കുതിക്കുന്നതിനിടെ കൃത്യതയോടെ വരുതിയിലാക്കിയ മെസ്സി, പന്ത് വലയുടെ മുകൾത്തട്ടിലേക്ക് വകഞ്ഞിട്ടപ്പോൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞ തീർത്തും നിസഹായനായിരുന്നു (1–0). ഈ ലോകകപ്പിൽ മെസ്സിയുടെ ഏഴാം ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ കിലിയൻ എംബപെയെ മറികടന്ന് മെസ്സി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തിൽ ഇതോടെ മെസ്സിക്ക് 20 ഗോളുമായി.


What you should read next

59 ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് പന്തുമായി മുന്നേറി പെനാൽറ്റി ബോക്സിനുള്ളിൽ കാബോ വെർദെ മിഡ് ഫീൽഡർ ഡെറോയ് ഡ്യുവേർട്ടിന് റയാബ് മെൻഡസിന്റെ ക്ലിനിക്കൽ പാസ്. പോസ്റ്റിന്റെ കോണിൽ നിന്ന് മികച്ചൊരു ടച്ചിലൂടെ പന്ത് മെരുക്കിയ ഡെറോയ് ഡ്യുവേർട്ടിന്റെ ഷോട്ട് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു (1–1).

73 ാം മിനിറ്റിൽ മെസ്സിയെ ഡെറോയ് ഡ്യുവേർട്ട് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് ഫ്രീ കിക്ക്. മെസ്സി ഗോൾവല ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് പ്രതിരോധമതിൽ തീർത്ത വൊസീഞ്ഞ ഡൈവ് ചെയ്ത് കൈ കൊണ്ട് തട്ടിയകറ്റി. ഏക്ട്രാ ടൈമിലെ 92 ാം മിനിറ്റിൽ ലഭിച്ച കോർണറിൽ മെസ്സിയുടെ ഔട്ട്‌സ്വിംഗർ പാസ് ഹെഡ് ചെയ്ത് മാക് അലിസ്റ്റർ ബാക്ക് പോസ്റ്റിലേക്ക് തട്ടിവിട്ടു. സ്വതന്ത്രനായി നിന്ന ലിസാൻഡ്രോ മാർട്ടിനെസ്, വലതുഭാഗത്ത് നിന്ന് വൊസീഞ്ഞയെ കബളിപ്പിച്ച് ഗോൾവല കുലുക്കി (2-1).


What you should read next

103 ാം മിനിറ്റിൽ വീണ്ടും കാബോ വെർദെയുടെ തിരിച്ചടി. ലിസാൻഡ്രോ മാർട്ടിനെസിന്റെ ഗോളിന് ശേഷം ഒട്ടും പതറാതെ കളിച്ച കാബോ വെർദെ, ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നുമായി വീണ്ടും ഒപ്പമെത്തി. 18 യാർഡ് അകലെ നിന്ന് ഇടതുഭാഗത്തുകൂടി കബ്രാൽ ബോക്സിലേക്ക് വെട്ടിച്ച് കയറി. മാർട്ടിനസിന് ഒരവസരവും നൽകാതെ, വലത് പോസ്റ്റിന്റെ മുകൾ മൂലയിലേക്ക് അവിശ്വസനീയ ഷോട്ട് (2-2).

111 ാം മിനിറ്റിലാണ് കാബോ വെർദെയുടെ വിധി നിർണയിച്ച സെൽഫ് ഗോൾ പിറന്നത്. മെസ്സിയുടെ കോർണർ കിക്കിൽ ഉയർന്നു ചാടിയ ക്രിസ്റ്റ്യൻ റൊമേറോയുടെ ഹെഡർ കാബോ വെർദെ പ്രതിരോധ താരം ഡൈനേ ബോർഗെസിന്റെ കയ്യിൽ തട്ടിത്തെറിച്ച് വലയിൽ പതിക്കുകയായിരുന്നു. (3–2). പിന്നാലെ കാബോ വെർദെ താരങ്ങൾ തുടരെ കടന്നാക്രമണം നടത്തി അർജന്റീനയ്‌ക്ക് കടുത്ത ഭീഷണിയുയർത്തി. പെനാൽറ്റി ഏരിയയിൽ നിന്നുള്ള 15 എണ്ണം ഉൾപ്പെടെ മത്സരത്തിൽ അർജന്റീന നടത്തിയ 20 ഗോൾശ്രമങ്ങളാണ് കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയും സഹതാരങ്ങളും നിഷ്ഫലമാക്കിയത്.

English Summary:

FIFA World Cup Football 2026 Argentina vs Cabo Verde match live updates