ആഭരണ പ്രേമികൾക്ക് ആവേശമേകിയും നിക്ഷേപകരുടെ മനസിൽ തീകോരിയിട്ടും സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്ത് ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,845 രൂപയിലെത്തി. പവൻ വില 2040 രൂപ ഇടിഞ്ഞ് 1,02,760 രൂപയും. രാജ്യാന്തര വിപണിയിൽ സ്വർണവില നാലു ശതമാനത്തോളം ഇടിഞ്ഞതോടെയാണ് കേരളത്തിലും വില മാറ്റം. നിലവിലെ ട്രെൻഡ് തുടർന്നാൽ കേരളത്തിലെ സ്വർണവില പവന് ഒരു ലക്ഷത്തിലും താഴെയെത്തിയേക്കും. ഗ്രാമിന് 345 രൂപയുടെ കുറവു മാത്രമാണ് പവന് ഒരു ലക്ഷത്തിലേക്കുള്ള ദൂരം. ഇതിനു മുൻപ് 2026 മാർച്ച് 23നാണ് സ്വർണവില പവന് ഒരു ലക്ഷം രൂപയിൽ താഴെ എത്തിയത്. എന്നാൽ അന്നു തന്നെ തിരിച്ചു കയറി.
ആറു പ്രധാന കറൻസികൾക്കെതിരെ അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്ക് അളക്കുന്ന ഡോളർ സൂചിക 101നു മുകളിൽ തുടരുകയാണ്. ഇത് ഒരു വർഷത്തെ ഉയർന്ന നിലയിലാണ്. ഡോളർ സൂചിക ഉയർന്നത് മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കൂട്ടി. ഡിമാൻഡ് കുറച്ചു. കൂടാതെ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടിയേക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണവിലയെ ഇടിക്കുന്നത്. ഇക്കുറി മൂന്നു തവണ വരെ പലിശ നിരക്ക് ഉയർത്തിയേക്കുമെന്നാണ് ചില നിക്ഷേപകർ കരുതുന്നത്. സെപ്റ്റംബറിൽ തന്നെ ആദ്യ നിരക്ക് വർധനയുണ്ടാകും. അടിസ്ഥാന പലിശ നിരക്ക് ഉയർന്നാൽ സ്വർണം പോലുള്ളവയിലെ നിക്ഷേപം പിൻവലിച്ച് നിക്ഷേപകർ ഉയർന്ന നേട്ടം ലഭിക്കുന്ന യുഎസ് ബോണ്ടുകളിൽ ഇറക്കും. ഇത് സ്വർണ ഡിമാൻഡിനെ ബാധിക്കുന്ന നീക്കമാണ്.
രാജ്യാന്തര വിപണിയിൽ ഔൺസിന് 4000.40 ഡോളറിലായിരുന്നു സ്വർണം ഇന്നലെ ക്ലോസ് ചെയ്തത്. ഇന്ന് 3959 ഡോളർ വരെ ഇടിഞ്ഞെങ്കിലും പിന്നീട് മെച്ചപ്പെട്ടു. നിലവിൽ 3995 ഡോളറെന്ന നിലയിലാണ് സ്വർണം. സ്വർണവിലയിൽ സമ്മർദമുണ്ടെങ്കിലും വിലയിടിവ് മുതലെടുത്ത് നിക്ഷേപകർ ‘ഡിപ് ബയിങ്’ നടത്തിയാൽ വില വീണ്ടും തിരിച്ചു കയറും. ഇല്ലെങ്കിൽ 3500 ഡോളറിലേക്ക് വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. ഇക്കൊല്ലം അവസാനത്തോടെ വില ഔൺസിന് 6000 ഡോളറിലേക്ക് എത്തുമെന്ന പ്രവചനങ്ങൾ പല സാമ്പത്തിക സ്ഥാപനങ്ങളും തിരുത്തിയിട്ടുമുണ്ട്.
കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 210 രൂപ കുറഞ്ഞ് 10,610 രൂപയിലെത്തി. സംസ്ഥാനത്തെ ചില ജ്വല്ലറികളിൽ ഗ്രാമിന് 10,560 രൂപയ്ക്കും 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ട്. വെള്ളി വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 235 രൂപയിലെത്തി. പുതുക്കിയ വിലയിൽ കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് 1,16,480 രൂപ മതിയാകും.
കഴിഞ്ഞ 10 ദിവസത്തിനിടെ സംസ്ഥാനത്ത് പവൻ വിലയിലുണ്ടായ കുറവ് 8360 രൂപയാണ്. ഇതേ ട്രെൻഡാണ് അടുത്ത ദിവസങ്ങളിലും തുടരുന്നതെങ്കിൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ വില ഏറ്റവും താഴ്ന്ന നിലയിലെത്തും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് shutterstock/ stockwarsൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
English Summary:
Gold prices in Kerala plunged again, with a sovereign now priced at ₹1,02,760. A stronger US dollar and expectations of Federal Reserve rate hikes have pressured global bullion markets, bringing the ₹1 lakh milestone within reach.
mo-news-common-latestnews s-muhammed-aslam mo-business-crudeoil mo-business-us-dollar mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-goldpricetoday 5lv80mm1qe1pg5iavpr10gti9c 6u09ctg20ta4a9830le53lcunl-list



