2026-ൽ ഇന്ത്യയിൽ ലഭിക്കുന്ന മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ ദീർഘകാല ശരാശരിയുടെ 86 മുതൽ 94 ശതമാനം വരെ മാത്രമേ മഴ ലഭിക്കാൻ സാധ്യതയുള്ളൂ. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ മഴയായിരിക്കും ഇത്തവണത്തേതെന്നാണ് കണക്കാക്കപ്പെടുന്നത്. പസഫിക് സമുദ്രത്തിൽ രൂപംകൊള്ളുന്ന ‘എൽ നിനോ’ എന്ന പ്രതിഭാസമാണ് മഴ കുറയാനുള്ള പ്രധാന കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ വരൾച്ച പ്രവചിച്ചിട്ടില്ലെങ്കിലും, വരാനിരിക്കുന്ന കടുത്ത ജലക്ഷാമം നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
To advertise here,
കാലവർഷത്തിലെ ഈ വ്യതിയാനം ഇന്ത്യയിലെ പ്രധാന വേനൽക്കാല വിളകളായ നെല്ല്, പയറുവർഗ്ഗങ്ങൾ, മില്ലറ്റുകൾ, പരുത്തി തുടങ്ങിയ ഖാരിഫ് വിളകളുടെ കൃഷിയെ ദോഷകരമായി ബാധിച്ചേക്കാം. രാജ്യത്തെ തൊഴിലാളികളിൽ ഏകദേശം 46 ശതമാനവും കാർഷിക മേഖലയെ ആശ്രയിക്കുന്നതിനാൽ, കർഷകരുടെ വരുമാനത്തിലുണ്ടാകുന്ന കുറവ് ഗ്രാമീണ മേഖലയിലെ ഉപഭോഗത്തെയും ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വിപണിയെയും ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ, വളം വിതരണ തടസ്സങ്ങളും പശ്ചിമേഷ്യയിലെ വർധിച്ച ചരക്ക് നീക്ക ചെലവുകളും കർഷകർക്ക് ഉൽപാദനത്തിലും ലാഭത്തിലും ഒരേസമയം തിരിച്ചടി നൽകിയേക്കാമെന്ന് എച്ച്.ഡി.എഫ്.സി നടത്തിയ സാമ്പത്തിക അവലോകനം മുന്നറിയിപ്പ് നൽകുന്നു.
മഴക്കുറവിനൊപ്പം 2026 ജൂൺ മാസത്തിൽ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുള്ളതായും ഐ.എം.ഡി നിരീക്ഷിക്കുന്നു. ഇത് പൊതുജനാരോഗ്യം, ജലലഭ്യത, വൈദ്യുതി ഉപഭോഗം എന്നിവയിൽ വലിയ ആഘാതം സൃഷ്ടിച്ചേക്കാം. പ്രായമായവർ, കുട്ടികൾ, പുറംപണിക്കാർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. സാഹചര്യം നേരിടുന്നതിനായി കൂളിങ് ഷെൽട്ടറുകൾ സജ്ജമാക്കാനും കുടിവെള്ള ലഭ്യതയും ആരോഗ്യ നിരീക്ഷണവും ഉറപ്പാക്കാനും സംസ്ഥാന സർക്കാരുകൾക്കും ജില്ലാ ഭരണകൂടങ്ങൾക്കും കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

എന്താണ് എൽ നിനോ?
പസഫിക് സമുദ്രോപരിതലത്തിൻ്റെ കിഴക്കുഭാഗത്ത് സാധാരണ ഉള്ളതിനേക്കാൾ ചൂട് കൂടുന്ന അവസ്ഥയാണ് എൽ നിനോ. ഇതിന്റെ ഫലമായി കിഴക്കൻ പസഫിക് മേഖലയിൽ കൂടുതൽ മഴ ലഭിക്കുകയും പടിഞ്ഞാറൻ പ്രദേശങ്ങളിൽ (ഇന്ത്യയുൾപ്പെടെ) മഴ കുറയുന്ന സാഹചര്യവും ഉണ്ടാകുന്നു. ഇതിനെ എൻസോ (ENSO) അഥവാ എൽ നിനോ സതേൺ ഓസിലേഷൻ എന്ന് വിളിക്കുന്നു. ഇതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. ന്യൂട്രൽ ഫേസ്, സമുദ്രം ചൂടാകുന്ന എൽ നിനോ, സമുദ്രം തണുക്കുന്ന ലാ നിന എന്നിവയാണവ.
ഭൂമിയിലെ ഏറ്റവും വലിയ സമുദ്രമായ പസഫിക് സമുദ്രത്തിലാണ് ഈ മാറ്റങ്ങൾ നടക്കുന്നത്. ഭൂമധ്യരേഖയ്ക്ക് അടുത്തുള്ള പ്രദേശങ്ങളിൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിനാൽ ഇവിടെ ബാഷ്പീകരണം കൂടുതലായിരിക്കും. ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും ഇടയിലുള്ള ഈ പ്രദേശത്തെയാണ് ഉഷ്ണമേഖല എന്നാണ് വിളിക്കുന്നത്. ഈ മേഖലയിൽ വീശുന്ന കാറ്റുകൾക്ക് കാലവർഷത്തിൻ്റെ വരവിൽ വലിയ പങ്കുണ്ട്. ഉത്തരായന രേഖയ്ക്കും ദക്ഷിണായന രേഖയ്ക്കും സമീപത്തുനിന്ന് ഭൂമധ്യരേഖയിലേക്ക് സ്ഥിരമായി വീശുന്ന കാറ്റുകളെയാണ് വാണിജ്യവാതങ്ങൾ അഥവാ ട്രേഡ് വിൻഡ്സ് എന്ന് വിളിക്കുന്നത്. കിഴക്കുനിന്ന് പടിഞ്ഞാട്ടേക്കാണ് ഇവ പ്രധാനമായും വീശുന്നത്.
ഭൂമിയുടെ കറക്കം മൂലമുണ്ടാകുന്ന കൊറിയൊലിസ് ശക്തി ഈ കാറ്റുകളുടെ ദിശയെ സ്വാധീനിക്കുന്നു. ഇതിന്റെ ഫലമായി വടക്കൻ അർധഗോളത്തിൽ കാറ്റ് വടക്കുകിഴക്കുനിന്നു തെക്കുപടിഞ്ഞാറൻ ദിശയിലേക്കും, തെക്കൻ അർധഗോളത്തിൽ തെക്കുകിഴക്കുനിന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്കും വീശുന്നു. പണ്ട് കാലത്ത് കപ്പൽ യാത്രയ്ക്കായി ഈ കാറ്റിനെ ഉപയോഗപ്പെടുത്തിയിരുന്നതിനാലാണ് ഇവയ്ക്ക് വാണിജ്യവാതം എന്ന പേര് ലഭിച്ചത്.
സാധാരണഗതിയിൽ ഈ കാറ്റുകൾ പസഫിക് സമുദ്രത്തിലെ ചൂടുള്ള ജലത്തെ പടിഞ്ഞാറൻ തീരങ്ങളിലേക്ക് (ഓസ്ട്രേലിയ, ഇന്ത്യ ഭാഗത്തേക്ക്) തള്ളിവിടുന്നു. അപ്പോൾ സമുദ്രത്തിനടിയിലുള്ള തണുത്ത വെള്ളം കിഴക്കൻ ഭാഗത്ത് മുകളിലേക്ക് ഉയരും, ഇതിനെ ‘അപ്വെല്ലിങ്’ എന്ന് പറയുന്നു. ട്രേഡ് വിൻഡുകൾ സാധാരണയേക്കാൾ ശക്തമായി വീശുമ്പോൾ ചൂട് കൂടിയ വെള്ളം പടിഞ്ഞാറൻ പസഫിക്കിലേക്ക് ഒഴുകി എത്തുകയും അവിടെ കൂടുതൽ മഴ ലഭിക്കുകയും ചെയ്യുന്നു. ഇതാണ് ലാ നിന എന്ന പ്രതിഭാസം.
എന്നാൽ, ട്രേഡ് വിൻഡുകൾക്ക് ശക്തി കുറയുമ്പോൾ ഇതിന്റെ നേരേ വിപരീതാവസ്ഥ ഉണ്ടാകുന്നു. പസഫിക് സമുദ്രോപരിതലത്തിൽ ചൂട് കുറയുകയും വാക്കർ വാതകചക്രം ദുർബലപ്പെടുകയും ചെയ്യുന്നു. അതായത്, ശക്തി കുറയുന്നതോടെ ട്രേഡ് വിൻഡ്സ് ഉപരിതലത്തിലെ വെള്ളം പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് ഒഴുക്കാതെ വരികയും അപ്പ് വെലിങ് കുറയുകയും ചെയ്യും. പസിഫിക് സമുദ്രോപരിതലത്തിന്റെ കിഴക്കൻ ഭാഗത്തു അങ്ങനെ ചൂടുകൂടുകയും ന്യൂനമർദമുണ്ടാകുകയും ചെയ്യുന്നു. ഈ പ്രതിഭാസമാണ് എൽ നിനോ എന്നറിയപ്പെടുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ക്രിസ്മസ് സമയത്താണ് ഈ പ്രതിഭാസം അനുഭവപ്പെടാറുള്ളത് എന്നതുകൊണ്ട് ഉണ്ണിയേശുവിനെ സൂചിപ്പിക്കാൻ അവർ ഇതിനെ ‘എൽ നിനോ’ (ആൺകുട്ടി) എന്ന് വിളിച്ചു. ഇതിന് വിപരീതമായ അവസ്ഥയെ ശാസ്ത്രജ്ഞർ ‘ലാ നിന’ (പെൺകുട്ടി) എന്നും വിളിക്കുന്നു.
എന്നാൽ, 2026-ലെ ഈ എൽ നിനോ മുന്നറിയിപ്പിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്. കാരണം, ഇന്ത്യൻ കാലവർഷം എൽ നിനോയെ മാത്രം ആശ്രയിച്ചുള്ളതല്ല. നമ്മുടെ കാലാവസ്ഥാ പ്രവചന സംവിധാനങ്ങൾ ഇന്ന് വളരെ മികച്ചതാണ്. അതുകൊണ്ടുതന്നെ കൃത്യമായ മുൻകരുതലുകൾ എടുക്കാനും ആവശ്യമായ നയങ്ങൾ രൂപീകരിക്കാനും സാധിക്കും. അതുകൊണ്ടുതന്നെ ‘സൂപ്പർ എൽ നിനോ’ എന്ന തലക്കെട്ടുകളിൽ ആശങ്കപ്പെടാനില്ലയെന്നും പ്രതിസന്ധിയെ മറികടക്കാമെന്നുമാണ് വിദഗ്ദ്ധാഭിപ്രായം.
Content Highlights: IMD predicts below-average rainfall (86-94% of LPA) for India in 2026 due to El Nino., Moderate to strong El Nino conditions expected to influence the June-September monsoon., Potential risks to Kharif crops like rice, pulses, and cotton due to erratic weather., Increased heatwave risks necessitate government preparedness in health and water management., Economic impact on rural spending, fertilizer supply, and agricultural income.
Published: 02 Jun 2026, 05:11 pm IST
Subscribe to our Newsletter
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


