രാജീവ് ചന്ദ്രശേഖർ (File Photo: JOSEKUTTY PANACKAL / MANORAMA)
തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്ന ആരോപണത്തിനും അതിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചെന്ന പ്രചാരണത്തിനും പ്രതിരോധം തീർത്തുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ രംഗത്ത്. പക്ഷേ, ക്രമക്കേടിൽ ചില നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചെന്ന എതിർവിഭാഗത്തിന്റെ പ്രചാരണത്തെ സാധൂകരിക്കുന്ന വാചകങ്ങൾ രാജീവിന്റെ പത്രക്കുറിപ്പിലുള്ളത് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഒരു സംസ്ഥാന സെക്രട്ടറിയും മറ്റു 2 നേതാക്കളും ചേർന്നു തിരിമറി നടത്തിയെന്നാണ് ആരോപണം. പാർട്ടിയുടെ കേന്ദ്ര ഓഡിറ്റ് സംഘം നടത്തിയ പരിശോധനയാണ് വിവാദങ്ങൾക്കു വഴി തുറന്നത്. ഫണ്ട് കൈകാര്യം ചെയ്തിരുന്ന മൂന്നു നേതാക്കൾക്കെതിരെ അച്ചടക്ക നടപടി എടുത്തെന്നാണു വിമതപക്ഷം പ്രചരിപ്പിക്കുന്നത്.
നടപടിയെടുത്തതിന്റെ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ കത്ത് വ്യാജമാണെന്ന് ബിജെപി വ്യക്തമാക്കി. പക്ഷേ, പാർട്ടിയിൽ ചില നടപടികളുണ്ടായെന്ന് പ്രസിഡന്റ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി: ‘ ഒരു ജനാധിപത്യ പാർട്ടിക്കുള്ളിൽ വിവിധ തലങ്ങളിൽ പലവിധ അച്ചടക്ക നടപടികൾ സാധാരണമാണ്. പാർട്ടിയുടെ ആഭ്യന്തരകാര്യമെന്ന നിലയിൽ ഇതു പൊതുസമൂഹത്തെയോ മാധ്യമങ്ങളെയോ ബാധിക്കുന്നതല്ല.’ പ്രസിഡന്റിന്റെ ഈ വാചകങ്ങൾ ക്രമക്കേടു നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചതിന്റെ തെളിവാണെന്നാണു വിമതരുടെ വാദം.
English Summary:
The Kerala BJP is facing allegations of misappropriation of election funds. State President Rajeev Chandrasekhar has defended the party against the accusations. However, some party leaders say his recent press release indicates that disciplinary action has been taken against certain individuals in connection with the issue.
mo-news-common-latestnews 5sufinvbu6maj3ps2mm7r94vsc 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-politics-leaders-rajeev-chandrasekhar mo-news-common-keralanews



