കെഎസ്‌യു അലോഷ്യസ് സേവ്യർ | സർക്കാരുമായി ശീതയുദ്ധമില്ല – മുഖ്യമന്ത്രി കാണാതെ പോയതിൽ പ്രയാസം – KSU Aloysius Xavier Clarifies No Govt Rift – Feels Snubbed By CM


കോട്ടയം ∙ മുഖ്യമന്ത്രിയും താനും തമ്മിലോ സർക്കാരും കെഎസ്‌യുവും തമ്മിലോ ഒരു പ്രശ്നവുമില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. നടത്തിയ വിമർശനങ്ങളിൽ ഒരിടത്തും വി.ഡി. സതീശൻ എന്ന പേര് പറഞ്ഞിട്ടില്ല. തിരുത്തലുകൾ ആവശ്യമാണെന്നാണ് പറഞ്ഞത്. ഇതുവരെയുള്ള ഒരു പ്രസ്താവനകളിലും മുഖ്യമന്ത്രിയുടെ പേര് മോശമാക്കിയിട്ടില്ല. പിള്ളേരുടെ ആശങ്ക പരിഹരിക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അവർക്ക് വേണ്ടി സംസാരിക്കേണ്ടത് ഞങ്ങളല്ലേ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് കെഎസ്‌യു പിള്ളേർക്ക് വേണ്ടി സംസാരിക്കാൻ പറ്റില്ലല്ലോ. ഇത് ഒരിക്കലും ഒരു ഗ്രൂപ്പ് വിഷയമല്ല. സംഘടന വിഷയം മാത്രമാണ്. സർക്കാരും കെഎസ്‌യുവും തമ്മിൽ ശീതയുദ്ധമില്ലെന്നും അലോഷ്യസ് സേവ്യർ മനോരമ ഓൺലൈനോട് പറഞ്ഞു.


What you should read next

∙ ഒടുവിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കുകയാണല്ലോ?

ഇന്നലെ രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ഞാൻ ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. അതിനുശേഷം ഓഫിസുമായി ബന്ധപ്പെട്ടു സംസാരിച്ചു. ഇന്നോ നാളെയോ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും എപ്പോഴാണ് സൗകര്യമെന്നും ഓഫിസിൽനിന്ന് ചോദിച്ചിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തെത്തും. അതിനുശേഷം കൂടിക്കാഴ്ച സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടാകും.

∙ കെപിസിസിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ വി.എം. സുധീരൻ അലോഷ്യസിനെ ചേർത്തുനിർത്തി സംസാരിച്ചല്ലോ. അത് ഈ വിവാദങ്ങൾക്കിടയിലെ ആശ്വാസമായിരുന്നോ?

വി.എം. സുധീരൻ കെഎസ്‌യു പ്രസിഡന്റായിരുന്നപ്പോൾ അന്നത്തെ കോൺഗ്രസ് സർക്കാരിനെതിരെ സമരം ചെയ്തിട്ടുണ്ട്. കെഎസ്‌യു ആയിരുന്നവർക്കെല്ലാം കെഎസ്‌യു എന്നത് ഒരു വികാരമാണ്. സർക്കാർ ഏതായാലും കെഎസ്‌യു തിരുത്തൽ ശക്തിയായാണു നിന്നിട്ടുള്ളത്. അതിനെ ഉൾക്കൊള്ളേണ്ട മര്യാദ, നേതൃത്വം എപ്പോഴും കാണിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അങ്ങനെ കാണിക്കുന്നില്ല എന്നല്ല ഞാൻ പറയുന്നതിന് അർഥം. ഏതെങ്കിലും ബോർഡ് – കോർപറേഷനുകളിൽ എനിക്ക് സ്ഥാനം വേണമെന്നല്ല ഞാൻ ആവശ്യപ്പെടുന്നത്. എസ്എഫ്ഐക്കാരിയായ ഒരാൾക്ക് കോൺഗ്രസ് സർക്കാർ നൽകിയ പദവി ലോ കോളജിലെ അന്നത്തെ കെഎസ്‌യുക്കാർക്ക് വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. അവർ ആ ചോദ്യം ഉന്നയിക്കുമ്പോൾ, അത് കേൾക്കാം എന്നതിനു പകരം അവർ ആരാണ് എന്താണ് എന്നൊക്കെ ചോദിക്കുമ്പോൾ അവർക്കു വേദനയുണ്ടാകും. അത് എല്ലാ കെഎസ്‌യുക്കാർക്കും ഉണ്ടായിട്ടുണ്ട്.


What you should read next

∙ ജിയോണ ജെയിംസിന്റെ പേര് നാമനിർദേശം ചെയ്തത് ഡീൻ കുര്യാക്കോസ് ആണെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചാണോ ഈ നിയമനം?

ഡീൻ കുര്യാക്കോസ് നൂറു ശതമാനം പാർട്ടിക്കാരനാണ്. 2022 മുതൽ ജിയോണ ലോയേഴ്സ് കോൺഗ്രസിന്റെ പ്രവർത്തക ആയിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ലോയേഴ്സ് കോൺഗ്രസിന് ആയിരക്കണക്കിന് പ്രവർത്തകരുണ്ട്. അപ്പോൾ അതിൽ എന്തുക്കൊണ്ട് ജിയോണ എന്നൊരു പ്രശ്നമുണ്ട്. എന്താണ് പാർട്ടിയ്ക്ക് അവർ നൽകിയ സംഭാവന.

‘‘അരികിലുണ്ടായിരുന്നിട്ടും മുഖ്യമന്ത്രി കാണാതെ പോയതിൽ പ്രയാസമുണ്ട്.’’

∙ സിപിഎം വിമതർക്ക് നിയമസഭയിൽ മത്സരിക്കാൻ കോൺഗ്രസ് സീറ്റ് നൽകിയിരുന്നില്ലേ. ബിജെപിയിൽനിന്നു വന്ന സന്ദീപ് വാര്യരും ജയിച്ച് എംഎൽഎ ആയി. ഇതൊക്കെ ഉദാഹരണങ്ങളായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ?

അവരൊക്കെ യുഡിഎഫിനു വേണ്ടി അത്തരത്തിൽ നിലപാട് സ്വീകരിച്ച് വന്നവരാണ്. 2022ൽ മുതൽ ജിയോണ ജെയിംസ് പങ്കെടുത്ത പാർട്ടി പരിപാടിയുണ്ടോ. അവർ തിരഞ്ഞെടുപ്പ് പ്രവർ‌ത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ.

∙ ലോ കോളജിലെ കെഎസ്‌യുക്കാരെ ഈ വിഷയത്തിൽ‌ ബോധ്യപ്പെടുത്താൻ പറ്റിയിട്ടുണ്ടോ?

അവരെ ബോധ്യപ്പെടുത്തണമെങ്കിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് ഞങ്ങൾ‌ക്ക് ഒരു വ്യക്തത ഉണ്ടാകണം. പക്ഷേ ഞങ്ങൾക്ക് ഈ വിഷയത്തിൽ വ്യക്തത വന്നിട്ടില്ല. ഫൈനൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. സർക്കാരിന് എന്തു തീരുമാനവും എടുക്കാം. അതിനെ ചോദ്യം ചെയ്യില്ല. പക്ഷേ ഞങ്ങളെ കേൾക്കണം. കെഎസ്‌യു വേഴ്സസ് സർക്കാർ എന്നൊരു ചിന്താഗതി ഞങ്ങൾക്കില്ല. ഈ സർക്കാർ നമ്മുടെ സർക്കാരാണെന്നും സതീശൻ ഞങ്ങളുടെ മുഖ്യമന്ത്രി ആണെന്നും കൃത്യമായ ബോധ്യം ഞങ്ങൾക്കുണ്ട്.

∙ അരികിലുണ്ടായിട്ടും മുഖ്യമന്ത്രി കാണാതെ പോയതിൽ അലോഷ്യസും കെഎസ്‌യുവും പൊതുമധ്യത്തിൽ അപമാനിക്കപ്പെട്ടു എന്ന തോന്നലുണ്ടോ?

സ്വാഭാവികമായും അപമാനിക്കപ്പെട്ടു. മുഖ്യമന്ത്രി കണ്ടില്ലെന്നാണു പറയുന്നത്. പക്ഷേ, എനിക്ക് പ്രയാസമുണ്ടാകുമല്ലോ.

∙ അലോഷ്യസ് സേവ്യർ സതീശന്റെ പിന്തുണയോടെയാണ് കെഎസ്‌യു പ്രസിഡന്റാകുന്നത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പോടെ കെ.സി. വേണുഗോപാൽ പക്ഷത്തേക്കു കളം മാറിയെന്നും അതിന്റെ ഭാഗമായാണ് ഈ പ്രശ്നങ്ങൾ എന്നെല്ലാമാണ് വ്യാഖ്യാനങ്ങൾ?

ഒരിക്കലും അത് ശരിയല്ല. കെഎസ്‌യു സംസ്ഥാന അധ്യക്ഷനായപ്പോൾ എന്നെ മുഴുവൻ നേതാക്കളും പിന്തുണച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് മാത്രം വിചാരിച്ചാൽ കെഎസ്‌യു അധ്യക്ഷനെ വയ്ക്കാൻ പറ്റില്ല. കെഎസ്‌യു അധ്യക്ഷനായ ശേഷം ഞാൻ ഒരു ഗ്രൂപ്പ് മീറ്റിങ്ങിലും പങ്കെടുത്തിട്ടില്ല. ഇതിനു മുന്നേയുള്ള അധ്യക്ഷന്മാർക്കെല്ലാം പ്രകടമായ ഗ്രൂപ്പ് ഉണ്ടായിരുന്നു.

∙ ഇപ്പോൾ കെഎസ്‌യു അധ്യക്ഷൻ ഏത് ഗ്രൂപ്പിലാണ്?

ഒരു ഗ്രൂപ്പിലും ഞാനില്ല. കെ.സി ഗ്രൂപ്പിന്റെ കമാൻഡർ‌ ഇൻ ചീഫാണ് ഞാനെന്നാണു പരിഹസിക്കുന്നത്. ഈ രാജ്യത്ത് കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന കെ.സിയുടെ സ്വന്തക്കാരനാണ് ഞാനെങ്കിൽ എന്തുക്കൊണ്ടാണ് എനിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തത്. അതിൽ ഒരു ലോജിക്കിന്റെ പ്രശ്നമില്ലേ. എനിക്കു മുന്നേയുള്ള എല്ലാ കെഎസ്‌യു അധ്യക്ഷന്മാർക്കും നിയമസഭാ സീറ്റ് കിട്ടിയിരുന്നു.

∙ പരസ്യപ്രതികരണം നടത്തിയതാണോ മുഖ്യമന്ത്രിക്ക് അലോഷ്യസിനോടുള്ള നീരസത്തിനു കാരണം?

എന്റെ ഫെയ്സ്ബുക് പോസ്റ്റിൽ ഒരിടത്തും വി.ഡി. സതീശൻ എന്ന പേര് ഞാൻ പറഞ്ഞിട്ടില്ല. തിരുത്തലുകൾ ആവശ്യമാണെന്നാണു പറഞ്ഞത്. എല്ലാക്കാലത്തും ആശങ്ക പങ്കിടുന്ന പ്രസ്ഥാനമാണ് കെഎസ്‌യു. എന്റെ ഇതുവരെയുള്ള ഒരു പ്രസ്താവനകളിലും മുഖ്യമന്ത്രിയുടെ പേര് മോശമാക്കിയിട്ടില്ല. പിള്ളേരുടെ ആശങ്ക പരിഹരിക്കണമെന്നു മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. അവർക്കു വേണ്ടി സംസാരിക്കേണ്ടത് ഞങ്ങളല്ലേ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിക്ക് കെഎസ്‌യു പിള്ളേർക്കു വേണ്ടി സംസാരിക്കാൻ പറ്റില്ലല്ലോ. ഇത് ഒരിക്കലും ഒരു ഗ്രൂപ്പ് വിഷയമല്ല. സംഘടനയിലെ ഒരു വിഷയം മാത്രമാണ്. സർക്കാരും കെഎസ്‌യുവും തമ്മിൽ ശീതയുദ്ധമില്ല.



Source link

Scroll to Top