ന്യൂഡൽഹി: ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ ആഹ്വാനം ചെയ്തത് വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. ഗ്രൗണ്ടുകൾ ഉണ്ടാക്കാനും കോമൺവെൽത്ത് ഗെയിംസിൽ മെഡലുകൾ നേടാനും പണം ഉപയോഗിക്കണമെന്നും ഒരു 90 മിനിറ്റ് മത്സരത്തിനായി പണം പാഴാക്കരുതെന്നും ബൂട്ടിയ പറഞ്ഞു. ബ്രസീലിനെതിരായ സൗഹൃദ മത്സരം കളിക്കാനായി ഫിഫ ആസിയാൻ കപ്പിൽ നിന്ന് പിന്മാറിയ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനത്തിനെതിരേ നേരത്തേ തന്നെ ബൂട്ടിയ വൻ വിമർശനം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ബ്രസീൽ ഫുട്ബോൾ അധികൃതർ.
To advertise here,
നിലവിൽ ചർച്ചയായി മാറിയ ഈ വിഷയങ്ങളിൽ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷന് (സിബിഎഫ്) യാതൊരു ആശങ്കയുമില്ലെന്നാണ് വിവരം. ഒക്ടോബറിലെ സൗഹൃദ മത്സരത്തിനായുള്ള പദ്ധതികളിൽ മാറ്റം വരുത്തുന്നില്ലെന്നും അവർ വ്യക്തമാക്കി. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച കൊൽക്കത്ത സ്റ്റേഡിയം സിബിഎഫ് സംഘം പരിശോധിച്ചു. പിച്ചിലെ പുല്ലിന്റെ സാന്ദ്രത കുറവാണെന്നും കളിക്കാർക്ക് പരിക്കേൽക്കാനുള്ള സാധ്യത ഒഴിവാക്കാൻ അടിയന്തര നടപടികൾ ആവശ്യമാണെന്നുംമാണ് വിലയിരുത്തൽ. ഇത് സാധാരണ നിലയിലുള്ള മുൻകരുതൽ നടപടി മാത്രമാണെന്നും അത് പെരുപ്പിച്ചു കാണിച്ചതാണെന്നും സിബിഎഫുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ എൻഡിടിവിയോട് വ്യക്തമാക്കി. അതേസമയം ഈ സാഹചര്യങ്ങൾ മത്സരക്രമത്തെ യാതൊരുവിധത്തിലും ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
ബഹിഷ്കരണാഹ്വാനങ്ങൾ ബ്രസീലിയൻ ഫെഡറേഷന് തള്ളുകയും ചെയ്തു. അത്തരം പ്രതികരണങ്ങൾ പ്രാദേശിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടതുള്ളതാണെന്നാണ് കരുതുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. ലോകകപ്പ് കാലത്ത് ബ്രസീലിയൻ ദേശീയ ടീമിന് അപാരമായ സ്നേഹവും പിന്തുണയും നൽകിയവരാണ് ഇന്ത്യക്കാർ. അതിനാൽ അവർക്ക് നന്ദി പറയാനുള്ള ഒരു അവസരമെന്ന നിലയിൽ കൂടിയാണ് ഞങ്ങൾ അവിടെ പോകുന്നത്, ഒപ്പം മികച്ചൊരു പ്രകടനം കാഴ്ചവെയ്ക്കാനും. – ബ്രസീൽ ദേശീയ ടീം കോ-ഓർഡിനേറ്റർ റോഡ്രിഗോ കെയ്റ്റാനോ പറഞ്ഞു.
ബ്രസീലുമായുള്ള സൗഹൃദമത്സരവും ആസിയാൻ കപ്പ് മത്സരങ്ങളും ഒരേസമയത്ത് വരുന്ന പശ്ചാത്തലത്തിൽ ആസിയാൻ കപ്പിൽ നിന്ന് പിന്മാറാനും എഐഎഫ്എഫ് തീരുമാനിച്ചിരുന്നു. കൊൽക്കത്തയിൽ ബ്രസീലുമായുള്ള ഇന്ത്യയുടെ സൗഹൃദ മത്സരം ഒക്ടോബർ മൂന്നിനാണ്. ഇൻഡൊനീഷ്യയിൽ നടക്കുന്ന പ്രഥമ ആസിയാൻ കപ്പ് സെപ്റ്റംബർ 21-നും ഒക്ടോബർ ആറിനും ഇടയിലായിരിക്കും നടക്കുക. ഇൻഡൊനീഷ്യ, മലേഷ്യ, സിങ്കപ്പുർ ടീമുകളുമായാണ് ആസിയാൻ കപ്പിൽ ഇന്ത്യക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്. അഞ്ചുവട്ടം ലോക ചാമ്പ്യൻമാരായ ബ്രസീലുമായുള്ള മത്സരം ഇന്ത്യൻതാരങ്ങൾക്ക് ലഭിക്കുന്ന അപൂർവ അവസരമായിരിക്കുമെന്നാണ് ഫെഡറേഷൻ കരുതുന്നത്. അതിനാലാണ് ബ്രസീലുമായുള്ള മത്സരം കളിക്കാനുള്ള തീരുമാനം എഐഎഫ്എഫ് എടുത്തത്.
Content Highlights: CBF remains unconcerned by chatter regarding the Kolkata pitch condition., Delegation inspected Vivekananda Yuba Bharati Krirangan on Thursday., Pitch feedback was routine precaution and will not affect the match schedule.
Published: 22 Aug 2026, 11:40 am IST
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


