തിരുവനന്തപുരം ∙ കേരള കൗമുദി ഡപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫും ആയിരുന്ന എൻ.ആർ.എസ്.ബാബു (എൻ.ആർ.സുഭാഷ് ബാബു-84) അന്തരിച്ചു. കലാകൗമുദി എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പട്ടം വൃന്ദാവൻ കോളനിയിലെ വസതിയിലാണു അന്ത്യം. സംസ്കാരം യുഎസിലുള്ള മകൻ എത്തിയശേഷം.

വനം കുംഭകോണത്തെപ്പറ്റി ബാബുവും അന്തരിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.ജയചന്ദ്രൻ നായരും ചേർന്ന് 1973ൽ കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച ലേഖന പരമ്പര ശ്രദ്ധേയമായ അന്വേഷണാത്മക റിപ്പോർട്ട് ആയിരുന്നു. ഇതിനു പിന്നാലെ ‘കാട്ടുകള്ളന്മാർ’ എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ് ജേണലിസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. മൾട്ടി മീഡിയ സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻവിസിന്റെ സ്ഥാപക ചെയർമാനാണ്. ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചു 2 ഗ്രന്ഥങ്ങളും വിദേശ യാത്രാനുഭവങ്ങളെപ്പറ്റി ‘ആകാശരേഖകൾ’ എന്ന കൃതിയും രചിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മാധ്യമ പുരസ്കാരം, ബോധി പുരസ്കാരം, എസ്.ജയചന്ദ്രൻ നായർ സ്മാരക പുരസ്കാരം, ശിവറാം അവാർഡ്, ഐ.വി.ദാസ് പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ഉമ. മക്കൾ: ശങ്കരനാരായണൻ (അമേരിക്ക), പരേതയായ ചിത്ര.

English Summary:

Journalist NRS Babu Passes Away at 84: Kerala Kaumudi Deputy Editor NRS Babu, a veteran journalist and acclaimed author, has passed away at the age of 84 at his residence in Thiruvananthapuram. He was highly respected for his landmark investigative reporting on the forest scam and his extensive contributions to journalism and literature in Kerala.