അബുദാബി∙ ബഹ്റൈനും കുവൈത്തിനും നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ. ഈ ആക്രമണങ്ങൾ ബഹ്റൈന്റെയും കുവൈത്തിന്റെയും പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണെന്നും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
പ്രതിസന്ധി ഘട്ടത്തിൽ ഇരുരാജ്യങ്ങൾക്കും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തങ്ങളുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ബഹ്റൈനും കുവൈത്തും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം ആവർത്തിച്ചു.
∙ മേഖലയിൽ യുദ്ധപ്രതീതി; യു.എസ്–ഇറാൻ തർക്കം മുറുകുന്നു
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി യുഎസ് സൈന്യം ഇറാനിൽ പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതാണ് ഒടുവിലെ സംഘർഷങ്ങൾക്ക് കാരണമായത്. ചൊവ്വാഴ്ച മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് യുഎസ് ഈ നടപടി സ്വീകരിച്ചത്. ഇതോടെ ഇറാനുമായുള്ള താത്കാലിക വെടിനിർത്തൽ കരാർ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കുകയും ചെയ്തു.
ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലെ പല നഗരങ്ങളെയും പിടിച്ചുകുലുക്കിയ യുഎസ് ആക്രമണത്തിൽ പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇറാൻ കുവൈത്തിനും ബഹ്റൈനും നേരെ തുടർച്ചയായ രണ്ടാം ദിവസവും ഡ്രോൺ, മിസൈൽ ആക്രമണങ്ങളുമായി തിരിച്ചടിച്ചത്. ഇതാണ് ഇപ്പോൾ മേഖലയിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.
English Summary:
UAE strongly condemns Iran’s missile and drone attacks on Bahrain and Kuwait, calling them a blatant violation of sovereignty and a threat to regional security. The UAE expresses full solidarity with both nations and assures unwavering support for their measures to protect their safety and stability.
mo-news-common-latestnews mo-nri-uaenews 4p1lsu1i08v84gtqacq97i1ani-list mo-news-world-countries-kuwait 4i1sikn94k70uq1et90b2e3hlp mo-news-common-iran-us-tension mo-news-common-middleeastnews 2fjlij88hq8sjbvri5jmbvecsv-list mo-nri-gulfnews





