ഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് മാർച്ച് 18-ന് അതാനു ചക്രബർത്തി അപ്രതീക്ഷിതമായി രാജിവെച്ചിരുന്നു. തന്റെ വ്യക്തിപരമായ മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും യോജിക്കാത്ത ചില സംഭവങ്ങളും നടപടികളും ബാങ്കിൽ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. എച്ച്ഡിഎഫ്സി ബാങ്കിന്റെ ചെയർമാൻ രാജിവെച്ചത് ബാങ്കിംഗ് മേഖലയിൽ അതത്ര വലിയ ആശങ്കകൾക്കൊന്നും ഇടയാക്കിയിരുന്നില്ല.
അതാനു ചക്രബർത്തിയ്ക്ക് പകരക്കാരനായി ബാങ്കിന്റെ ഇടക്കാല ചെയർമാനായി കെകി മിസ്ത്രി ചുമതലയേറ്റു. തുടർന്ന് മാർച്ച് 19-ന് അദ്ദേഹം ഒരു പ്രസ്താവന നടത്തുകയുണ്ടായി. ബാങ്കിന് വളരെ ശക്തമായ ധാർമ്മികതയുണ്ടെന്നും ഭരണനിർവഹണത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഒരിക്കലും ബോർഡിൽ തുടരില്ലെന്നും അദ്ദേഹം പറഞ്ഞു. തലേദിവസം ബോർഡ് അംഗങ്ങൾ അതാനു ചക്രബർത്തിയോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം പ്രത്യേകിച്ച് ഒരു വിശദീകരണവും നൽകിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ അതിവേ​ഗത്തിലുള്ള പ്രതികരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) രം​ഗത്തെത്തി. സമയാസമയങ്ങളിലുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ, ബാങ്കിന്റെ പ്രവർത്തനത്തെക്കുറിച്ചോ ഗവേണൻസിനെക്കുറിച്ചോ ആശങ്കപ്പെടേണ്ടതായ യാതൊരു കാര്യങ്ങളും റെക്കോർഡുകളിൽ ഇല്ലെന്ന് ആർബിഐ അറിയിച്ചു.
Also Read : കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചേക്കും; ഡി.കെ.ശിവകുമാർ അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന
മറച്ചുവെക്കപ്പെട്ട വസ്തുതകൾ
മാർച്ച് 12-ന് എം.ഡി രംഗനാഥിന്റെ അധ്യക്ഷതയിലുള്ള ‘ഓഡിറ്റ് കമ്മിറ്റി ഓഫ് ദി ബോർഡ്’ (എസിബി), മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോർപ്പറേഷന് (എംഎസ്ആർഡിസി) 2024, 2025 സാമ്പത്തിക വർഷങ്ങളിൽ നൽകിയ 45 കോടി രൂപയുടെ പേയ്മെന്റുകളെക്കുറിച്ച് ഔദ്യോഗികമായുള്ള ഒരു ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ബാങ്കിന്റെ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ 2024-25 കാലയളവിലെ ആഭ്യന്തര ഓഡിറ്റിന് ശേഷമാണ് ഈ ഉത്തരവ് വന്നത്. ഈ ഓഡിറ്റിൽ പ്രസ്തുത പേയ്മെന്റുകളെക്കുറിച്ച് കൃത്യമായി മുന്നറിയിപ്പ് നൽകിയിരുന്നു. മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം തൃപ്തികരമല്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നത്.
ആഭ്യന്തര രേഖകളെ അടിസ്ഥാനമാക്കി ദി ഇന്ത്യൻ എക്സ്പ്രസ് നടത്തിയ അന്വേഷണത്തിൽ ഈ പണം എംഎസ്ആർഡിസിക്ക് അവരുടെ നിക്ഷേപങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള പലിശ നിരക്കിന് പുറമെ നൽകേണ്ട അധിക പലിശ ആയിരുന്നു എന്ന് കണ്ടെത്തി. എന്നാൽ ഇത് പലിശ വരുമാനമായി എംഎസ്ആർഡിസിയുടെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്തിരുന്നില്ല. പകരം നാല് പ്രാദേശിക വെണ്ടർമാർ വഴി റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയ്നുള്ള സംഭാവനയായി കാണിച്ചാണ് ബാങ്കിന്റെ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിലൂടെ വകമാറ്റി നൽകിയത്.
എച്ച്ഡിഎഫ്സി ബാങ്ക് എംഡിയും സിഇഒയുമായ ശശിധർ ജഗദീശന്റെ സാന്നിധ്യത്തിൽ നടന്ന ഉന്നതതല ചർച്ചകളിലാണ് ഈ തുക അനുവദിക്കാൻ അനുമതി നൽകിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ ചർച്ചകളിൽ വെച്ചാണ് എംഎസ്ആർഡിക്ക് ഉയർന്ന പലിശനിരക്ക് നൽകാൻ വാക്കാലുള്ള ധാരണയായത്. എംഎസ്ആർഡിക്ക് ബാങ്ക് എങ്ങനെ നഷ്ടപരിഹാരം നൽകുമെന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ ജഗദീശൻ പങ്കെടുത്തെന്നും അധിക പലിശ നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായിരുന്നു അദ്ദേഹമെന്നും പല ഉദ്യോഗസ്ഥരും ആഭ്യന്തര അന്വേഷണത്തിൽ മൊഴി നൽകിയിരുന്നു.
പലിശ തിരിച്ചടവ് മാർക്കറ്റിംഗ് ചെലവായി മറച്ചുവെക്കാൻ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് ഒരു സഹായിച്ചു എന്ന് എച്ച്ഡിഎഫ്സി ബാങ്ക് ചീഫ് മാർക്കറ്റിംഗ് ഓഫീസർ രവി സന്താനം വിജിലൻസ് അന്വേഷണത്തിനിടയിൽ സമ്മതിച്ചു. തുടർന്ന് അന്വേഷണ റിപ്പോർട്ട് ഏപ്രിൽ 10-ന് ഓഡിറ്റ് കമ്മിറ്റി ഓഫ് ദി ബോർഡിനും (എസിബി) ഒരാഴ്ചയ്ക്ക് ശേഷം നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിക്കും അയച്ചു.
ഈ വാർത്ത പ്രസിദ്ധീകരിക്കുന്ന സമയത്ത് ദി ഇന്ത്യൻ എക്സ്പ്രസ് അയച്ച വിശദമായ ചോദ്യാവലിക്ക് ആർബിഐയും എച്ച്ഡിഎഫ്സി ബാങ്കും മറുപടി നൽകാൻ തയ്യാറായില്ല. ചില അടിയന്തര യോഗങ്ങൾ ഉള്ളതിനാൽ വിസിയും എംഡിയും ലഭ്യമല്ലെന്നാണ് എംഎസ്ആർഡി അറിയിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരുമായി അഭിമുഖങ്ങൾ നടത്തിയതിൽ നിന്നും ആഭ്യന്തര രേഖകൾ പരിശോധിച്ചതിൽ നിന്നും ചില കാര്യങ്ങൾ കൂടി വ്യക്തമായിരുന്നു.
പത്തിലധികം ഉന്നത ഉദ്യോഗസ്ഥർക്ക് ഇതിൽ ഉത്തരവാദിത്തമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതിൽ എംഡിയും സിഇഒയുമായ ശശിധർ ജഗദീശൻ, സിഎഫ്ഒ ശ്രീനിവാസൻ വൈദ്യനാഥൻ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ രവി സന്താനം എന്നിവരും ഉൾപ്പെടുന്നു.
Also Read : കല്യാണപ്പന്തലിൽ വഞ്ചിതരായി 42 മണവാളന്മാർ; മധ്യപ്രദേശിൽ വൻ വിവാഹ തട്ടിപ്പ്
വിജിലൻസ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ
എച്ച്ഡിഎഫ്സി ബാങ്ക് മഹാരാഷ്ട്ര സർക്കാരിന്റെ ഇൻഫ്രാസ്ട്രക്ചർ ഏജൻസിയായ എംഎസ്ആർഡിസിയെ സമീപിക്കുകയും അവരുടെ സേവിംഗ്സ് നിക്ഷേപങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. അക്കാലത്ത് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകൾക്ക് 3.5% പലിശയാണ് നൽകിയിരുന്നത്. എന്നാൽ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ 6 ശതമാനമോ അതിൽ കൂടുതലോ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് എംഎസ്ആർഡിസി വാക്കാലൽ ബാങ്കിനെ അറിയിച്ചു. കുറഞ്ഞത് 6.01% പലിശ ലഭിക്കുകയാണെങ്കിൽ ഒരു വലിയ ഭൂമി ഏറ്റെടുക്കൽ പദ്ധതിയിൽ നിന്ന് പ്രതീക്ഷിക്കുന്ന ഏകദേശം 25,000 കോടി രൂപ എച്ച്ഡിഎഫ്സി ബാങ്ക് വഴി നിക്ഷേപിക്കാമെന്ന് എംഎസ്ആർഡിസി പറഞ്ഞു.
എംഎസ്ആർഡിസി ഇതിനായി 5 കോടി രൂപ മുൻകൂർ ഫീസായി ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. എന്നാൽ, ബാങ്ക് ഈ ആവശ്യം നിരസിക്കുകയാണുണ്ടായത്. പകരം 6.01% റിട്ടേൺ നൽകത്തക്ക രീതിയിൽ പദ്ധതി തയ്യാറാക്കുകയും എംഎസ്ആർഡിസിയുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിനായി 6%-ന് മുകളിൽ അധിക പലിശ ഉൾപ്പെടുത്തുകയും ചെയ്തു എന്നാണ് വിജിലൻസ് സംഘം പരിശോധിച്ച ആഭ്യന്തര ഇമെയിൽ ഇടപാടുകൾ വ്യക്തമാക്കുന്നത്.
ഇത് നടപ്പിലാക്കുന്നതിനായി എംഎസ്ആർഡിസി 10,000 കോടിയിലധികം രൂപ കൊണ്ടുവരുമെന്ന പ്രതീക്ഷയിൽ ചില വലിയ നിക്ഷേപങ്ങൾക്ക് ബാധകമായ 4.5% പ്രത്യേക സേവിംഗ്സ് ബാങ്ക് പലിശ നിരക്ക് ബാങ്കിന്റെ അസറ്റ് ലയബിലിറ്റി കമ്മിറ്റി അംഗീകരിച്ചു. എന്നാൽ ആദ്യ മാസങ്ങളിൽ ഏകദേശം 200 കോടി രൂപ മാത്രമാണ് വന്നത്. ഇതേതുടർന്ന് ഈ 4.5% വിൻഡോ രണ്ട് മാസത്തിന് ശേഷം 2022 ഏപ്രിലിൽ അടച്ചു.
ബാങ്ക് 6.01% പലിശ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും സാധാരണ ചാനലുകളിലൂടെ 4.5% പോലും നൽകാൻ കഴിയാത്ത അവസ്ഥയായത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. സാധാരണ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതും (3.5%) എംഎസ്ആർഡിസിക്ക് വാഗ്ദാനം ചെയ്തതും (6.01%) തമ്മിലുള്ള വ്യത്യാസം, അതായത് 2.51 ശതമാനം എങ്ങനെയെങ്കിലും നൽകണമായിരുന്നു. ഇതിനായി ഉന്നത മാനേജ്മെന്റ് കണ്ടെത്തിയ പരിഹാരമാണ് തുക മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിലൂടെ വകമാറ്റി നൽകുകയെന്നത്.
എംഎസ്ആർഡിസി നടത്തുന്ന റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയ്ന്റെ സ്പോൺസർഷിപ്പ് പേയ്മെന്റുകളായാണ് ഈ തുക വകമാറ്റി കൈമാറിയത്. ഈ ക്രമീകരണത്തിനുള്ള കത്തുകളിൽ ഒപ്പുവെച്ചത് ഒരു ക്ലസ്റ്റർ ഹെഡിന്റെ നിർദ്ദേശപ്രകാരം പ്രവർത്തിച്ച ഒരു ജൂനിയർ ജീവനക്കാരനാണ്. വിജിലൻസ് റിപ്പോർട്ട് അനുസരിച്ച് ഒരു സോണൽ ഹെഡ് ഇതിന് വാക്കാലുള്ള അനുമതി നൽകിയിരുന്നു.
കത്തുകളിൽ ഈ ക്രമീകരണത്തിന്റെ കാലാവധിയോ മിനിമം ബാലൻസ് പരിധിയോ വ്യക്തമാക്കിയിരുന്നില്ലെന്നും ഈ കത്തുകൾ ലീഗൽ അല്ലെങ്കിൽ കംപ്ലയൻസ് ടീമുകൾ പരിശോധിച്ചിട്ടില്ലെന്നും 6.01% റിട്ടേണിനെക്കുറിച്ച് അതിൽ പരാമർശിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
2022 ഫെബ്രുവരി മുതൽ ബാങ്കിൽ പണം നിക്ഷേപിക്കാൻ തുടങ്ങിയിരുന്നെങ്കിലും നിക്ഷേപങ്ങൾ ഒരിക്കലും പ്രതീക്ഷിച്ച അത്രയും എത്തിയില്ല. 2023-ൽ രണ്ട് മാസത്തേക്ക് മാത്രമാണ് ഇത് 3,000 കോടി രൂപ കടന്നത്. എങ്കിലും 2023 മുതൽ 2025 വരെയുള്ള കാലയളവിൽ എച്ച്ഡിഎഫ്സി ബാങ്ക് എംഎസ്ആർഡിസിക്ക് ഏകദേശം 45 കോടി രൂപ നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.
എംഎസ്ആർഡിസിയുടെ റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയ്നായി 2023-24, 2024-25 കാലയളവിൽ ബാങ്കിന്റെ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് ആകെ 39.7 കോടി രൂപ നൽകിയതായി ഓഡിറ്റിൽ കണ്ടെത്തി. സാധാരണയായി ഇത്തരം ബോധവൽക്കരണ പരിപാടികൾ നടത്തുന്നത് ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ടീം വഴിയാണ്. എന്നാൽ ഈ പേയ്മെന്റുകൾ നടത്തിയത് സിഎസ്ആർ ടീം വഴിയല്ല എന്ന് ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
മാർക്കറ്റിംഗ് പ്രവർത്തനങ്ങളുടെ തെളിവായി സമർപ്പിച്ച വെണ്ടർ ഇൻവോയ്സുകൾ കൃത്യമായി പരിശോധിച്ചിരുന്നില്ല. ഏകദേശം 9 കോടി രൂപയുടെ മൂന്ന് വ്യത്യസ്ത ഇൻവോയ്സുകളിൽ ഒരേ ഒരൊറ്റ ഫോട്ടോയാണ് തെളിവായി ചേർത്തിരുന്നത്. ഫണ്ട് അനുവദിക്കുന്നതിന് മുമ്പ് ഇവന്റ് കൺഫർമേഷൻ സർട്ടിഫിക്കറ്റുകൾ വേണമെന്ന ബാങ്കിന്റെ സ്വന്തം നിബന്ധന നിലനിൽക്കെ, അത്തരം സർട്ടിഫിക്കറ്റുകൾ ഇല്ലാതെയാണ് പേയ്മെന്റുകൾ നടത്തിയത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ പേരിൽ യഥാർത്ഥത്തിൽ എന്തെങ്കിലും റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയ്ൻ നടന്നിട്ടുണ്ടോ എന്ന് തെളിയിക്കാനുള്ള വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.
ഈ സ്പോൺസർഷിപ്പ് പൂർണ്ണമായും ബിസിനസ്സ് താല്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നുവെന്നും ബാങ്കർ-കസ്റ്റമർ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ബിസിനസ്സ് ടീം എംഎസ്ആർഡിസിയുമായി നടത്തിയ ഡീൽ ആണിതെന്നും മാർക്കറ്റിം​ഗ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. അതിനാൽ പേയ്മെന്റ് പ്രോസസ്സ് ചെയ്യുന്നതിനായി ഇത് മാർക്കറ്റിംഗിലേക്ക് വരികയും, സാധാരണ മാർക്കറ്റിംഗ് ബജറ്റിന് പുറമെ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് ഇതിനായി അധിക ബജറ്റ് അനുവദിക്കുകയുമായിരുന്നുവെന്നും ഓഡിറ്റിനോടുള്ള മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റിന്റെ മറുപടിയിൽ പറയുന്നു.
ചുരുക്കത്തിൽ, മുൻകൂട്ടി നിശ്ചയിച്ച ഒരു ഡീൽ കൈമാറുകയും അത് പ്രോസസ്സ് ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ബാങ്കിന്റെ മാർക്കറ്റിംഗ് ടീം സമ്മതിക്കുകയാണുണ്ടായത്. ഇതിനായി ഫിനാൻസ് ഡിപ്പാർട്ട്മെന്റ് പ്രത്യേക ബജറ്റും വകയിരുത്തിയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഗുരുതരമായ നിരവധി റെഗുലേറ്ററി, ഗവേണൻസ് ലംഘനങ്ങൾ ഉണ്ടായതായാണ് വിജിലൻസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
നിക്ഷേപങ്ങളുടെ പലിശനിരക്ക് സംബന്ധിച്ച ആർബിഐയുടെ മാസ്റ്റർ നിർദ്ദേശങ്ങളുടെ ലംഘനമാണ് ഇതിൽ ഏറ്റവും പ്രധാനം. വ്യക്തിഗത നിക്ഷേപകർക്ക് ചർച്ചകളിലൂടെ പ്രത്യേക പലിശ വാഗ്ദാനം ചെയ്യുന്നതിന് കർശന വിലക്കുണ്ട്. വെണ്ടർ പേയ്മെന്റുകളിലൂടെ എംഎസ്ആർഡിസിക്ക് അധിക പലിശ നൽകിയത് വഴി, നിയമവിരുദ്ധമായി മറ്റാർക്കും ലഭിക്കാത്ത നിരക്കിൽ ഒരു ഉപഭോക്താവിന് ആനുകൂല്യം നൽകുകയാണ് ബാങ്ക് ചെയ്തത്.
ബാങ്കിന്റെ സ്വന്തം അഴിമതി വിരുദ്ധ നയത്തിന്റെ ലംഘനവും റിപ്പോർട്ടിലുണ്ട്. തെറ്റായ പ്രേരണകൾക്ക് കാരണമായേക്കാവുന്ന പേയ്മെന്റുകളെ വിലക്കുന്നതാണ് ഈ നയം. പലിശ പേയ്മെന്റുകൾ മാർക്കറ്റിംഗ് ചെലവുകളെന്ന വ്യാജേന വെണ്ടർമാർ വഴി തിരിച്ചുവിട്ടത് ഈ വിലക്കിന്റെ പരിധിയിൽ വരും.
ഇത് ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ ലംഘനം മാത്രമല്ല, ധാർമ്മികതയുടെ ചോദ്യം കൂടിയാണെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബാങ്കുകൾക്ക് ഏതെങ്കിലും ഒരു ഉപഭോക്താവിന് മാത്രമായി പ്രത്യേക നിരക്ക് നൽകാനാവില്ല, കൂടാതെ ഒരു നിശ്ചിത പരിധിക്ക് അപ്പുറം നിക്ഷേപം സൂക്ഷിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഇത്തരം ആനുകൂല്യങ്ങൾ നൽകാനും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പേയ്മെന്റുകൾ പലിശയായി നേരിട്ട് എംഎസ്ആർഡിസിക്ക് ക്രെഡിറ്റ് ചെയ്യുന്നതിന് പകരം വെണ്ടർമാർ വഴി നൽകിയതിനാൽ, വെണ്ടർമാർ ഇൻവോയ്സുകൾ തയ്യാറാക്കുകയും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിം ചെയ്യുകയും ചെയ്തിട്ടുണ്ടാകാമെന്നും ഇത് ക്രമക്കേടിന്റെ മറ്റൊരു തലമാണെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.
Also Read : ബ്യൂട്ടീഷ്യൻ, അധ്യാപിക, പ്രിൻസിപ്പൽ; നീറ്റ് ചോർച്ചയ്ക്ക് പിന്നിൽ മൂന്ന് ‘മനീഷ’മാർ?
ഉത്തരവാദികൾ ആര്?
പല പ്രമുഖ ഉദ്യോഗസ്ഥരുടെയും മൊഴികൾ രേഖപ്പെടുത്തിയാണ് വിജിലൻസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
വ്യത്യസ്തമായ പലിശ തിരിച്ചടവ് മാർക്കറ്റിംഗ് ചെലവായി മറച്ചുവെക്കാൻ മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് ഒരു സഹായിയായി പ്രവർത്തിച്ചുവെന്ന് സിഎംഒ രവി സന്താനം സമ്മതിച്ചു. കൂടാതെ വെണ്ടർ ഇൻവോയ്സുകളെ സാധൂകരിക്കാനും പേയ്മെന്റുകൾക്ക് നിയമസാധുത വരുത്താനുമായി ഒരു ചെറിയ തുക യഥാർത്ഥ മാർക്കറ്റിംഗിനായി ചെലവഴിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഇത് ഒറ്റപ്പെട്ട ഒരു സംഭവം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
വിജിലൻസ് റിപ്പോർട്ടിൽ എംഡിയും സിഇഒയുമായ ശശിധർ ജഗദീശനെതിരായ കണ്ടെത്തലുകൾ വളരെ കൃത്യമായുണ്ട്. യാതൊരുവിധ അനുമതിയോ രേഖകളോ ഇല്ലാതെ എംഎസ്ആർഡിസിക്ക് 6.01% പലിശ നൽകുന്നതിനെ കുറിച്ച് ചർച്ച ചെയ്ത ഉന്നതതല യോഗങ്ങളിൽ ജഗദീശൻ പങ്കെടുത്തിട്ടുണ്ട്. ഇത് ബാങ്കിന്റെ ഭരണ നിർവഹണത്തിന് പുറത്തുള്ളതാണെന്നും ബാങ്കിന്റെ പേരിനും പെരുമയ്ക്കും ഭം​ഗം വരുത്തിയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സമാനമായ കണ്ടെത്തലുകളാണ് സിഎഫ്ഒ ശ്രീനിവാസൻ വൈദ്യനാഥനെതിരെയും ഉള്ളത്. എംഎസ്ആർഡിസിക്ക് എങ്ങനെ നഷ്ടപരിഹാരം നൽകാമെന്ന് ആലോചിച്ച മാനേജ്മെന്റ് യോഗത്തിൽ ഇദ്ദേഹം ഉണ്ടായിരുന്നുവെന്നും, ബാക്കി പലിശ മാർക്കറ്റിംഗ് വഴി എങ്ങനെ നൽകാം എന്ന് നിശ്ചയിക്കാനുള്ള ചുമതല ഇദ്ദേഹത്തിനായിരുന്നുവെന്നും ഒന്നിലധികം ജീവനക്കാർ മൊഴി നൽകി. ഈ ക്രമീകരണം ഔദ്യോഗിക രേഖയാക്കുന്നതിലും ആഭ്യന്തര നിയന്ത്രണങ്ങൾക്ക് വിധേയമാക്കുന്നതിലും സിഎഫ്ഒ പരാജയപ്പെട്ടു.
ഈ ക്രമീകരണത്തിന്റെ തുടക്കത്തിൽ സിഎഫ്ഒ സന്നിഹിതനായിരുന്നുവെന്നും മാർക്കറ്റിംഗ് വഴിയുള്ള റീഇംബേഴ്സ്മെന്റ് രീതിക്ക് അദ്ദേഹം അനുമതി നൽകിയിരുന്നുവെന്നും തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നാണ് വിജിലൻസ് റിപ്പോർട്ടിന്റെ അന്തിമ നിഗമനം.


