‘അഭിജീത് ദീപ്കെയ്ക്ക് പാർലമെന്റ് സീറ്റ് ?, സുരേഷ് ഗോപിയുടെയും കൃഷ്ണകുമാറിന്റെയും മക്കൾ മാതൃക’; സിജെപിയുടെ ഭാവിയിൽ ആകാംക്ഷ | മനോരമ ഓൺലൈൻ ന്യൂസ്


കോട്ടയം∙ ‘‘സിജെപിക്ക് രാഷ്ട്രീയ പ്രസ്ഥാനമായി മാറാൻ കഴിയില്ല. അതിനകത്തുള്ള ജെൻസീക്കാർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വന്നവരല്ല. അഭിജീത് ദീപ്കെയ്ക്ക് ഒരു രാഷ്ട്രീയ ഓഫറുണ്ടാകും. ബിജെപി തന്നെ ഒരു ഓഫർ മുന്നോട്ടുവച്ചേക്കാം. പഞ്ചാബിലെ ചോദ്യപ്പേപ്പർ ചോർച്ചയാണ് സിജെപി അടുത്ത വിഷയമായി ഉയർത്തിക്കാട്ടാൻ പോകുന്നത്. ഇത്തരം പ്രശ്നങ്ങളിൽ ഇടപെടുന്തോറും അവരൊരു രാഷ്ട്രീയ നിലപാട് സ്വീകരിക്കും. അഭിജീത് പാർ‌ലമെന്റ് തിരഞ്ഞെടുപ്പിൽ‌ മത്സരിച്ചേക്കാം. അങ്ങനെ വന്നാൽ അഭിജീത്തിന് ഒരു പ്രാതിനിധ്യം കിട്ടിയേക്കാം. പക്ഷേ സിജെപിക്കു ഗുണമുണ്ടായെന്നു വരില്ല. വ്യക്തിപരമായ താൽപര്യങ്ങൾ സിജെപിയെ ബാധിച്ചേക്കാം. അഭിജീത് മത്സരിച്ചാൽ‌ വിദ്യാർഥികൾക്കിടയിൽ തന്നെ പ്രശ്നങ്ങളുണ്ടായേക്കും’’ – യൂത്ത് കോൺഗ്രസ് സംസ്ഥാന സോഷ്യൽ മീഡിയ ചെയർമാൻ രജിത് രവീന്ദ്രന്റെ വാക്കുകളാണിത്.


What you should read next

‘എന്താണ് ഇന്ദുചൂഡന്റെ ഫ്യൂച്ചർ പ്ലാൻ ?’ എന്ന് നരസിംഹത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തോട് അച്ഛനായ തിലകൻ ചോദിക്കും പോലെയാണ് സിജെപിക്കാരോടു രാജ്യത്തിന്റെ ചോദ്യം. ജനപിന്തുണയുടെ കരുത്തിൽ തിരഞ്ഞെടുപ്പുകളെ നേരിടുന്ന രാഷ്ട്രീയ പാർട്ടിയായി സിജെപി മാറുമോ? എന്താണ് അഭിജീത് ദീപ്കെയുടെയും സംഘത്തിന്റെയും മനസ്സിലിരുപ്പ്? ആം ആദ്മി പാർട്ടിയെ (എഎപി) പോലെയാകുമോ സിജെപിയുടെ ഭാവി? ജെൻസീ പിള്ളേരെല്ലാം സിജെപിക്കു വേണ്ടി വോട്ട് പിടിക്കാനും സ്ഥാനാർഥികളാകാനും രംഗത്തിറങ്ങുമോ? ചോദ്യങ്ങൾ നിരവധിയാണ്.

കേന്ദ്ര സർക്കാർ – സിജെപി ചർച്ചയ്‌ക്കു ശേഷം കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ്, സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്, ദേശീയ വക്താവ് അശുതോഷ് രങ്ക എന്നിവർ സംയുക്ത വാർത്താ സമ്മേളനം നടത്തുന്നു (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ)

കേന്ദ്ര സർക്കാർ – സിജെപി ചർച്ചയ്‌ക്കു ശേഷം കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡ, ജിതേന്ദ്ര സിങ്, സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്, ദേശീയ വക്താവ് അശുതോഷ് രങ്ക എന്നിവർ സംയുക്ത വാർത്താ സമ്മേളനം നടത്തുന്നു (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ)

കാവലാകുമോ സിജെപി

സിജെപി നടത്തിയിട്ടുള്ള പോരാട്ടം രാജ്യത്തെ നിരവധി പ്രസ്ഥാനങ്ങളെ അടിസ്ഥാനപ്പെടുത്തി ഇനിയും ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎ പറയുന്നു. ‘‘നീറ്റ് പരീക്ഷയെക്കാൾ ഗൗരമുള്ള വിഷയമാണു യുവാക്കളെ സംബന്ധിച്ച് ലേബർ കോഡ്. അത്തരം വിഷയങ്ങളിൽ സിജെപിക്ക് കൂടുതൽ ശക്തമായ ഇടപെടൽ നടത്താൻ കഴിയും. സിജെപി രാഷ്ട്രീയ പാർട്ടിയാകുമോ എന്നു പ്രവചിക്കാൻ കഴിയില്ല. അഥവാ അങ്ങനെ വന്നാലും അതിൽ തെറ്റൊന്നുമില്ല. ബിജെപിക്ക് എതിരായ ഏതു നിലപാടുകളെയും പോസറ്റീവായി മാത്രമേ കാണുന്നുള്ളൂ’’ – സനോജ് പറഞ്ഞു.


What you should read next

കേന്ദ്ര സർക്കാർ സിജെപിയുടെ അഞ്ചിന പരീക്ഷാ പരിഷ്കരണ ഉടമ്പടി ചർച്ച ചെയ്യാമെന്നു സമ്മതിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ സർക്കാരുമായി നടത്തുന്ന തുടർച്ചയായ ചർച്ചകളിലൂടെ രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് സ്ഥിരമായ ഒരു കാവൽക്കാരനായി (വാച്ച് ഡോഗ്) പ്രവർത്തിക്കാൻ സിജെപിക്കു സാധിച്ചേക്കാമെന്നും സനോജ് പറയുന്നു. ഡിജിറ്റൽ സാക്ഷരതയും രാഷ്ട്രീയ ബോധവുമുള്ള യുവാക്കൾക്കിടയിൽ സിജെപിക്കു വലിയ പിന്തുണയുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനങ്ങളിൽ പ്രാദേശിക ചാപ്റ്ററുകൾ കൂടുതൽ ശക്തമാക്കാനും വിദ്യാർഥി – യുവജന പ്രശ്നങ്ങളിൽ നിരന്തരം ഇടപെടാനും പ്രസ്ഥാനം ലക്ഷ്യമിടുന്നുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്കു നേരിട്ട് ഇറങ്ങിയില്ലെങ്കിൽ പോലും, ജനങ്ങളുടെയും യുവാക്കളുടെയും പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ചു സർക്കാരുകളെ സമ്മർദത്തിലാക്കാൻ പോന്ന ശക്തമായ ജനാധിപത്യ കൂട്ടായ്മയായി സിജെപിക്കു നിലനിൽക്കാൻ കഴിയുമെന്നും കരുതുന്നവരുണ്ട്.

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പാർലമെൻറ് മാർച്ചിനെത്തുടർന്ന്  ജന്തർ മന്തറിലെ  സമരപ്പന്തൽ പൊളിച്ചത് ,  രാത്രിയിൽ തിരിച്ചെത്തിയ പ്രവർത്തകർ വീണ്ടെടുത്തപ്പോൾ. (ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ/ മനോരമ)

ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പാർലമെൻറ് മാർച്ചിനെത്തുടർന്ന് ജന്തർ മന്തറിലെ സമരപ്പന്തൽ പൊളിച്ചത് , രാത്രിയിൽ തിരിച്ചെത്തിയ പ്രവർത്തകർ വീണ്ടെടുത്തപ്പോൾ. (ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ/ മനോരമ)

അതേസമയം, ഇതൊരു തുടക്കം മാത്രമാണെന്നും പൂർണമായ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്ക് ഉടനില്ലെന്നുമാണ് സിജെപി വക്താക്കൾ നൽകുന്ന സൂചന. നഗരങ്ങളിലെ മധ്യവർഗ വിദ്യാർഥികൾക്കിടയിൽ സിജെപിക്കു വലിയ സ്വാധീനമുണ്ടെങ്കിലും, ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ പ്രസ്ഥാനത്തിനു സ്വാധീനം ചെലുത്താനായിട്ടില്ലെന്നും ഒരു വിഭാഗം പറയുന്നു.


What you should read next

സിജെപിയുടെ ആദ്യ പരിഗണന

∙ പരീക്ഷാ ക്രമക്കേടുകൾ കാരണം ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഉറപ്പാക്കുക.
∙ സമരകാലത്ത് വിദ്യാർഥികൾക്കും സംഘാടകർക്കും എതിരെ എടുത്ത എഫ്ഐആറുകൾ പൂർണമായും പിൻവലിക്കുന്നത് നിരീക്ഷിക്കുക.
∙ വിദ്യാഭ്യാസ – പരീക്ഷാ പരിഷ്കരണങ്ങൾക്കായി കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന സമിതികളിൽ ചേർന്ന് ജനാധിപത്യപരമായ സമ്മർദം ചെലുത്തുക.

ഡൽഹിയിൽ നടക്കുന്ന സിജെപിയുടെ സമരത്തിൽനിന്ന്. ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ

ഡൽഹിയിൽ നടക്കുന്ന സിജെപിയുടെ സമരത്തിൽനിന്ന്. ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ

സമ്മർദ ശക്തിയോ രാഷ്ട്രീയ കക്ഷിയോ

പുതിയ തലമുറയ്ക്ക് രാഷ്ട്രീയമില്ലെന്നു പറഞ്ഞാൽ‌ കക്ഷി രാഷ്ട്രീയമാകും ഇല്ലാത്തതെന്നും ഓരോ വ്യക്തികളെ കുറിച്ചും ഓരോ വിഷയത്തെ കുറിച്ചും അവർക്കു വ്യക്തമായ ധാരണയുണ്ടെന്നും യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ പറയുന്നു. ‘‘അച്ഛൻ കോൺഗ്രസായതു കൊണ്ട് ഞങ്ങളും കോൺഗ്രസായി, അച്ഛൻ ബിജെപി ആയതുകൊണ്ട് ഞങ്ങളും ബിജെപി ആയി എന്ന കാലമൊക്കെ കഴിഞ്ഞു. അതിനു തെളിവാണ് സുരേഷ് ഗോപിയുടെ മകനും കൃഷ്ണകുമാറിന്റെ മകളും. ഒഡീഷ മന്ത്രിയുടെ മകൾ വരെ തെരുവിലിറങ്ങി. അതൊക്കെ അങ്ങേയറ്റത്തെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. തെറ്റ് തിരുത്താൻ ശേഷിയുള്ള തലമുറയാണ് ഇത്. അരാഷ്ട്രീയവാദികളായി അവരെ മാറ്റിനിർത്താനാകില്ല’’ – ബിനു ചുള്ളിയിൽ പറഞ്ഞു.

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനു പിന്നാലെ ജന്തർ മന്തറിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ)

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനു പിന്നാലെ ജന്തർ മന്തറിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. (ചിത്രം: രാഹുൽ ആർ. പട്ടം ∙ മനോരമ)

‘‘പുതിയ രാഷ്ട്രീയ പ്രസ്ഥാനമായാൽ സ്വീകരിക്കും. പക്ഷേ, വിഷയങ്ങൾക്ക് അപ്പുറമുള്ള രാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോകാൻ അവർ ശ്രദ്ധിക്കണം. കൃത്യമായ രാഷ്ട്രീയ ബോധമില്ലാതെ സമരത്തിലൂടെ അധികാരത്തിൽ വന്നവർ പിന്നീട് ഡൽഹി മദ്യ അഴിമതിയിൽ കൂപ്പുകുത്തി വീണത് നമ്മൾ കണ്ടത്. സിജെപിയുടെ സമരവും യുവാക്കളുടെ പൾസും മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ മനസിലാക്കിയാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിനു കൂടുതൽ ഗുണമുണ്ടാകും’’ – കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.എസ്. ശബരീനാഥൻ പറഞ്ഞു.


What you should read next

സിജെപി രാഷ്ട്രീയ പാർട്ടിയായി മാറുന്നതിനേക്കാൾ, നിലവിൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ ഒരു യുവജന സമ്മർദ ശക്തിയായി തുടരാനാണു കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതെന്നും ബിനു ചുള്ളിയിൽ പറയുന്നു. രാഷ്ട്രീയ പാർട്ടിയായി മാറണോ മുന്നണിയിൽ ചേരണോ എന്നൊക്കെ അവർ തീരുമാനിക്കേണ്ടതാണ്. നിലവിൽ അവരൊരു ബഹുജന മുന്നേറ്റ പ്രസ്ഥാനമാണെന്നും ബിനു പറഞ്ഞു.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി  ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്, പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ എന്നിവർ.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്, പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ എന്നിവർ.

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായാൽ സിജെപിക്കു നിലവിലുള്ള നിഷ്പക്ഷ സ്വഭാവം നഷ്ടപ്പെടും. ജനകീയ സമ്മർദ ഗ്രൂപ്പായി തുടരുമ്പോൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം യുവാക്കളുടെയും പിന്തുണ ലഭിക്കും. കോൺഗ്രസ്, എഎപി തുടങ്ങിയ മുഖ്യധാരാ പ്രതിപക്ഷ പാർട്ടികൾ സിജെപിയുടെ സമരങ്ങൾക്ക് പാർലമെന്റിലും പുറത്തും വലിയ പിന്തുണയാണു നൽകിയത്. സമ്മർദ ശക്തിയായി തുടരുമ്പോൾ പിന്തുണ കൂടുതൽ ശക്തമായി ഉപയോഗിക്കാൻ സിജെപിക്ക് കഴിയും. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തുന്ന പരീക്ഷകളിലെ അപാകതകൾ നിരന്തരം നിരീക്ഷിക്കാനും, സിജെപിയുടെ അഞ്ചിന പരിഷ്കരണ ഉടമ്പടി സർക്കാർ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും ഒരു സമ്മർദ ഗ്രൂപ്പിനു സാധിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉദ്യോഗാർഥി വിരുദ്ധമായ നയങ്ങൾ സ്വീകരിക്കുമ്പോൾ, കോടതികളെ സമീപിക്കാനും രാജ്യവ്യാപകമായി പെട്ടെന്ന് പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനും സിജെപിയുടെ വിപുലമായ ഡിജിറ്റൽ നെറ്റ്‌വർക്കിനു കഴിയും.


What you should read next

സംസ്ഥാനങ്ങളിൽ ക്ലച്ച് പിടിക്കുമോ?

കേരളം ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ യുവാക്കൾക്കിടയിൽ വളരെ പെട്ടെന്നാണ് സിജെപി നിർണായക ശക്തിയായി മാറിയത്. ഓൺലൈൻ ട്രോൾ പേജായി തുടങ്ങി പിന്നീട് രാജ്യത്തെ ഏറ്റവും വലിയ വിദ്യാർഥി പ്രക്ഷോഭമായി മാറിയ സിജെപിയുടെ സമരത്തിനു വ്യത്യസ്ത സംസ്ഥാനങ്ങളിൽ വൈവിധ്യമാർന്ന സ്വാധീനമാണുള്ളത്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളിൽനിന്നു വ്യത്യസ്തമായി കേരളത്തിലെ പ്രധാന മുന്നണികളിലെ യുവ നേതാക്കൾ സിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് എംഎൽഎ അബിൻ വർക്കി, ലീഗ് നേതാക്കളായ പി.കെ. നവാസ്, ടി.പി. അഷ്‌റഫലി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് എന്നിവർ സിജെപിയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പാർട്ടിയായി രൂപാന്തരപ്പെട്ടാൽ‌ ഈ പിന്തുണ സിജെപിക്ക് സംസ്ഥാനമൊട്ടാകെ ലഭിച്ചെക്കില്ലെന്നാണ് അബിൻ വർക്കി അടക്കമുള്ളവരുടെ പക്ഷം. ആം ആദ്മി പാർട്ടി, ട്വന്റി20, 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരീക്ഷിച്ച് പരാജയപ്പെട്ട ടിവിഎം പാർട്ടി എന്നിവ ഉദാഹരണങ്ങളാണ്.


What you should read next

‘‘സിജെപി ഒരു ഇമീഡിയേറ്റ് റെസ്പോൺസ് പ്രസ്ഥാനമാണ്. ആം ആദ്മി പാർട്ടി വന്നപ്പോൾ ഇതേ പ്രതീക്ഷയായിരുന്നു. കേജ്‌രിവാളിനെ പോലെ വലിയ പ്രൊഫൈലുകൾ അതിനു പിന്നിലുണ്ടായിരുന്നു. പക്ഷേ, ഇന്ത്യൻ രാഷ്ട്രീയത്തിൽ അവർക്കു പിടിച്ചുനിൽക്കാൻ പറ്റിയത് 10 വർഷമാണ്. 10 വർഷം കൊണ്ട് കോൺഗ്രസിനെ മാറ്റിനിർത്തി ബിജെപിക്ക് കളമുണ്ടാക്കാനായി എന്നല്ലാതെ ആം ആദ്മി പാർട്ടിയിൽനിന്ന് എന്താണ് ലഭിച്ചത്? സിജെപിയിലും സംഭവിക്കാൻ പോകുന്നത് ഇതാണ്. സിജെപി രാഷ്ട്രീയ പാർട്ടിയായാലും അവരുടെ പരമാവധി ആയുസ്സ് 10 കൊല്ലമായിരിക്കും. ആ 10 കൊല്ലവും കോൺഗ്രസിനെ മാറ്റിനിർത്തി ബിജെപിയെ വളർത്താനേ അവർക്കു കഴിയൂ. ഒരു പ്രശ്നത്തിന്റെ പുറത്തുണ്ടാകുന്ന പാർട്ടി അവസാനം അരാഷ്ട്രീയമാകും. അതിനൊരു സ്വാഭാവിക അന്ത്യമുണ്ടാകും. സിജെപി രാഷ്ട്രീയം പറയുന്നത് നല്ലതാണ്. അത് ജനാധ്യപത്യത്തിന് കരുത്ത് നൽകും. അത് സ്ഥായിയായി എത്രമാത്രം മുന്നോട്ടുകൊണ്ടുപോകാനാകും എന്നത് ചോദ്യചിഹ്നമാണ്’’ – അബിൻ വർക്കി പറഞ്ഞു.

സിജെപിയുടെ ഭാവി അവർ തീരുമാനിക്കേണ്ടതാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറയുന്നു. അവർ രാഷ്ട്രീയ പാർട്ടിയാകുമോ എന്ന് അവർ തീരുമാനിക്കേണ്ട കാര്യമാണ്. പക്ഷേ, ഇപ്പോൾ അവർ‌ രാജ്യത്തിന്റെ പൊതുരാഷ്ട്രീയത്തെ ഇളക്കിമറിച്ചിട്ടുണ്ട്. നീറ്റുമായി ബന്ധപ്പെട്ടു നടന്ന പ്രതിഷേധത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനു സമാനമായ നിലപാട് അവർക്കുണ്ടായിരുന്നു. ഇനിയുള്ള വിഷയങ്ങളിൽ അവരുടെ നിലപാട് എന്താണെന്നു നോക്കി മാത്രമേ നമുക്കൊരു നിലപാട് സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും സഞ്ജീവ് പറഞ്ഞു.



Source link

Scroll to Top